ന്യൂഡൽഹി: ഇന്ത്യയിൽ പണപ്പെരുപ്പ നിരക്ക് 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. രാജ്യത്തെ വിലക്കയറ്റത്തോത് 2025 ജൂലൈയിലെ കണക്കുകൾ അനുസരിച്ച് 1.55 ശതമാനമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഭക്ഷ്യമേഖലയിലാണ് പണപ്പെരുപ്പം കുത്തനെ കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് – 1.76 ശതമാനമാണ് ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം. 2019 ജനുവരിയിലെ കണക്കുകളെ അപേക്ഷിച്ച് നോക്കിയാൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്. ജൂൺ മാസത്തെ 2.10 ശതമാനം എന്ന നിലയിൽ നിന്നാണ് പണപ്പെരുപ്പ നിരക്ക് കുത്തനെ താഴേക്ക് വന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും ആശങ്കപ്പെടുത്തിയിരുന്ന ഭക്ഷ്യവിലപ്പെരുപ്പം കുത്തനെ കുറഞ്ഞത് കേന്ദ്ര സർക്കാരിന് ആശ്വാസത്തിന് വഴിയൊരുക്കും.
ജൂണിൽ 1.72% ആയിരുന്ന ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം ജൂലായിൽ 1.18% ആയി കുറഞ്ഞു, അതേസമയം നഗരമേഖലയിലെ പണപ്പെരുപ്പം 2.56% ൽ നിന്ന് 2.05% ആയി കുറഞ്ഞു. അസം, ബിഹാര്‍, തെലങ്കാന, ഒഡീഷ, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവ്. ഇവിടങ്ങളില്‍ പണപ്പെരുപ്പ നിരക്ക് നെഗറ്റീവിലാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റ തോതുള്ള സംസ്ഥാനം കേരളമാണ്. ജൂണിലെ 6.71 ശതമാനത്തിൽ നിന്ന് 8.89 ശതമാനത്തിലേക്കാണ് കേരളത്തിലെ പണപ്പെരുപ്പ നിരക്ക് കുതിച്ചുകയറിയത്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് കേരളത്തിന് തിരിച്ചടിയായത്. ജൂണിൽ 7.31 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 10.02 എന്ന നിലയിൽ കുത്തനെ ഉയർന്നു. നഗരങ്ങളിലേത് 5.69 ൽ നിന്ന് 6.77 ശതമാനവുമായി ഉയർന്നു. തുടർച്ചയായി ഏഴാം മാസമാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം നിൽക്കുന്നത്. ജമ്മു കശ്മീര്‍ -3.77 ശതമാനം, പഞ്ചാബ്- 3.53 ശതമാനം, മഹാരാഷ്ട്ര – 2.28 ശതമാനം തുടങ്ങിയവയാണ് പണപ്പെരുപ്പ നിരക്കില്‍ കേരളത്തിന് ശേഷം വരുന്ന സംസ്ഥാനങ്ങള്‍.