ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്ത് അടക്കം അതീവ ജാഗ്രത നിര്‍ദേശം നല്‍കി സുരക്ഷ ഏജന്‍സികള്‍. ഭീകരാക്രമണത്തിനുള്ള സാധ്യത വ്യക്തമാക്കിക്കൊണ്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ജാഗ്രതാ നിര്‍ദേശം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനും അതിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷമായതിനാൽ സുരക്ഷാ ഭീഷണി കൂടുതലാണെന്നും ശക്തമായ മുൻകരുതലെടുക്കണമെന്നും കേന്ദ്ര ഏജൻസികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍, ആഗോള ജിഹാദി ശൃംഖലകള്‍, തീവ്ര ഇസ്ലാമിക വിഭാഗങ്ങള്‍, സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍, ചില വടക്കുകിഴക്കൻ വിമത സംഘടനകൾ തുടങ്ങിയവയില്‍ നിന്ന് ഭീഷണിയുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. ന്യൂഡൽഹിയിലെ വലിയ ജനസംഖ്യയും നിരവധി അനധികൃത കോളനികളുടെ സാന്നിധ്യവും നുഴഞ്ഞുകയറാനോ ആക്രമണം നടത്താനോ ശ്രമിക്കുന്ന ഭീകരർക്ക് സുരക്ഷിത താവളമായി പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പിൽ പറയുന്നു.
വിവിധ ഏജൻസികളുടെയും കേന്ദ്ര അർധ സൈനിക വിഭാഗങ്ങളുടെയും പങ്കാളിത്തം ഉൾപ്പെടെ വലിയ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. വ്യക്തികളെ കർശനമായി പരിശോധിക്കണം. യൂണിഫോമിലല്ലാത്ത ആർക്കും നിയന്ത്രണമുള്ള പ്രദേശങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഏകോപിത തീവ്രവാദ ആക്രമണങ്ങൾ മുതൽ ചാവേറാക്രമണത്തിന് വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ സോഷ്യൽ മീഡിയയിൽ ഒരു വിവരവും പോസ്റ്റ് ചെയ്യരുതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. സംശയാസ്‌പദമായ വ്യക്തികളുമായി വിവരങ്ങൾ പങ്കിടരുതെന്നും സംശയാസ്‌പദമായ ചോദ്യങ്ങൾ ചോദിക്കുന്നവരെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും എല്ലാ കൺട്രോൾ റൂം ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.
നേരത്തേ നിശ്ചയിച്ച വേദിയും പൊതുജനങ്ങളുടെ വലിയ സാന്നിധ്യവും ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതായാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രധാന ശ്രദ്ധാ കേന്ദ്രമാക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്.