Thursday, November 13, 2025
Mantis Partners Sydney
Home » ട്രംപിന്റെ പരാമർശം; പാക്കിസ്ഥാന്റെ നിയമവിരുദ്ധ ആണവായുധ പരീക്ഷണങ്ങൾക്ക് എതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ട്രംപിന്റെ പരാമർശം; പാക്കിസ്ഥാന്റെ നിയമവിരുദ്ധ ആണവായുധ പരീക്ഷണങ്ങൾക്ക് എതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

by Editor

ന്യൂഡൽഹി: രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്ന രാജ്യങ്ങളിൽ പാക്കിസ്ഥാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ രഹസ്യമായാണ് ആണവായുധങ്ങൾ പരീക്ഷിക്കുന്നതെന്നും കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ എന്നിവ നടത്താറുണ്ടെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പാക്കിസ്ഥാൻ്റെ ആണവ പരീക്ഷണത്തെ കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം.

രഹസ്യവും നിയമ വിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ പാക് ചരിത്രവുമായി ചേർന്നു പോകുന്നതാണ്. ദശാബ്ദങ്ങളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തം, എ.ക്യു ഖാൻ ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് ആ ചരിത്രം. പാക്കിസ്ഥാൻ ഈ ചരിത്രത്തിലേക്ക് ഇന്ത്യ ആഗോള ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്’ – പാക് ആണവ പരീക്ഷണത്തെക്കുറിച്ച് ട്രംപിൻ്റെ പരാമർശം സംബന്ധിച്ച ചോദ്യത്തിന് മറുപടി മറുപടിയായി ജയ്സ്വാൾ വ്യക്തമാക്കി.

മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്ക ആണവ പരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും പാക്കിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഭൂഗർഭ ആണവ പരീക്ഷണങ്ങൾ തുടരുകയാണെന്ന് സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. റഷ്യ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അതിനാൽ തങ്ങളും പരീക്ഷിക്കാൻ പോവുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ പരാമർശത്തിന് പിന്നാലെ ട്രംപിൻ്റെ പ്രസ്‌താവന പാക് സുരക്ഷാ ഉദ്യോഗസ്ഥൻ നിഷേധിക്കുകയും ചെയ്‌തിരുന്നു. ആണവപരീക്ഷണങ്ങൾ നടത്തിയ ആദ്യ രാജ്യമല്ല തങ്ങളെന്നും അവ പുനരാരംഭിക്കുന്ന ആദ്യ രാജ്യവും തങ്ങളല്ലെന്നുമായിരുന്നു വാദം.

Send your news and Advertisements

You may also like

error: Content is protected !!