ന്യൂഡൽഹി: പാക് അധീന കശ്‌മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിൽ പാക്കിസ്ഥാനെ വിമർശിച്ച് ഇന്ത്യ. പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി പർവ്വതനേനി ഹരീഷ് ആവശ്യപ്പെട്ടു.
പാക് സൈന്യത്തിൻ്റെ ആധിപത്യം, ഭരണകൂടത്തിൻ്റെ അടിച്ചമർത്തൽ, സാധാരണക്കാരോടുള്ള ക്രൂരത, ചൂഷണം എന്നിവയ്ക്കെതിരെ ജനങ്ങൾ നടത്തുന്ന തുറന്ന കലാപത്തെ കുറിച്ചും യുഎൻ സഭയിൽ ഇന്ത്യൻ പ്രതിനിധി പരാമർശിച്ചു. പാക്കിസ്ഥാൻ നടത്തുന്ന തുടർച്ചയായുള്ള അക്രമങ്ങൾ അവസാനിപ്പിക്കണം, കശ്മീരിലെ ജനങ്ങൾ അവരുടെ മൗലിക അവകാശങ്ങൾ വിനിയോഗിക്കുന്നു, അത്തരം ആശയങ്ങളോട് പാക്കിസ്ഥാന് എതിർപ്പാണ്, വസുധൈവ കുടുംബത്തിൽ വേരുന്നീയതാണ് ഇന്ത്യയുടെ ദർശനം, ലോകരാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിലും സഹകരണത്തിലും ഇന്ത്യ വിശ്വാസം അർപ്പിക്കുന്നതിൻ്റെ കാരണവും ഇത് തന്നെയാണെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.
ജമ്മു കശ്‌മീർ രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ പ്രതിഷേധിക്കുന്ന പിഒകെയിലെ ജനങ്ങളെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.



