Sunday, August 31, 2025
Mantis Partners Sydney
Home » യുക്രെയ്‌നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; 4 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു.
റഷ്യ യുക്രൈൻ യുദ്ധം

യുക്രെയ്‌നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; 4 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു.

by Editor

കീവ്: യുക്രെയ്ൻ തലസ്‌ഥാന നഗരമായ കീവിൽ ഉൾപ്പടെ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 4 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു. 48 പേർക്കു പരുക്കേറ്റു. യുക്രെയ്‌നിലെങ്ങും 598 ഡ്രോൺ, 31 മിസൈൽ ആക്രമണങ്ങളാണു റഷ്യ കഴിഞ്ഞ രാത്രി നടത്തിയത് എന്ന് യുക്രെയ്ൻ എയർഫോഴ്സ് അറിയിച്ചു. കീവിലെ 7 ജില്ലകളിലാണ് കനത്ത ബോംബിങ് നടന്നത്. സിറ്റി സെന്ററിലെ ഷോപ്പിങ് മാൾ അടക്കം നൂറോളം കെട്ടിടങ്ങൾ തകർന്നടിഞ്ഞു. അവശിഷ്ട‌ങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങി. സമീപകാലത്തു റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ഡ്രോണുകളിലെറെയും വെടിവച്ചിട്ടതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു.

ചർച്ചകൾക്ക് പകരം ബാലിസ്റ്റിക്സ് മിസൈൽ ആണ് റഷ്യ തെരഞ്ഞെടുക്കുന്നതെന്നായിരുന്നു ആക്രമണത്തിന് ശേഷം എക്സ് പോസ്റ്റിലൂടെയുള്ള യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ പ്രതികരണം. സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും എന്നാൽ ഇപ്പോൾ തത്വാധിഷ്ഠിത നിലപാടുകൾ സ്വീകരിക്കുന്നതിന് പകരം നിശബ്ദത പാലിക്കുന്നവരുമായ എല്ലാവരിൽ നിന്നും പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും സെലൻസ്കി എക്സിൽ കുറിച്ചു.

ഹൈപ്പർസോണിക് ‘കിൻസാൽ’ മിസൈലുകൾ, ഡ്രോണുകൾ, ഉയർന്ന കൃത്യതയുള്ള വായുവിലൂടെ വിക്ഷേപിക്കുന്ന യുദ്ധോപകരണങ്ങൾ എന്നിവ റഷ്യ ഓപ്പറേഷന് ഉപയോ​ഗിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്നിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ, വ്യോമ താവളങ്ങൾ, ഒരു രഹസ്യാന്വേഷണ കപ്പൽ എന്നിവയായിരുന്നു റഷ്യൻ ഓപ്പറേഷൻ്റെ ലക്ഷ്യങ്ങളെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ കിഴക്കൻ യുക്രെയ്‌നിലെ നെലിപിവ്ക എന്ന ഗ്രാമം പിടിച്ചെടുത്തതായും റഷ്യൻ സൈന്യം അവകാശപ്പെടുന്നുണ്ട്. യുദ്ധമുഖത്തെ തന്ത്രപരമായ മുന്നേറ്റമായാണ് റഷ്യ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം, റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുക്രെയ്ൻ തുടർന്നു. സമാറ പ്രവിശ്യയിലെ ഒരു റിഫൈനറിയിൽ തീപിടിത്തമുണ്ടായി. യുക്രെയ്നിന്റെ 102 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!