Thursday, July 31, 2025
Mantis Partners Sydney
Home » കേരളത്തിൽ കനത്ത മഴയിൽ വ്യാപക നാശം; ഒൻപത് ജില്ലകളിൽ യെലോ അലർട്ട്.
കേരളത്തിൽ കനത്ത മഴയിൽ വ്യാപക നാശം; ഒൻപത് ജില്ലകളിൽ യെലോ അലർട്ട്.

കേരളത്തിൽ കനത്ത മഴയിൽ വ്യാപക നാശം; ഒൻപത് ജില്ലകളിൽ യെലോ അലർട്ട്.

by Editor

തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് കടലാക്രമണത്തിനും ഉയർന്ന തിരയ്ക്കും സാധ്യതയുണ്ട്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കോട്ടയം കുറിച്ചിയില്‍ വീട് ഇടിഞ്ഞുവീണു. കുറിച്ചി പുത്തന്‍ കോളനി കുഞ്ഞന്‍ കവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. കോട്ടയം ജില്ലയില്‍ രണ്ടുദിവസത്തിനുളളില്‍ 172 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. മെയ് 24 മുതല്‍ പെയ്ത കാറ്റിലും മഴയിലും 534 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വിവിധ ഗ്രാമീണ റോഡുകളിൽ മരം വീണും വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് റോഡിൽ വീണ മരങ്ങൾ മുറിച്ചുനീക്കിയത്. എറണാകുളം ജില്ലയില്‍ രണ്ടുദിവസത്തിനിടെ 19 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി.

വിവിധ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. താമരശ്ശേരി ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രിയിൽ അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ ചാലക്കുടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. താമരശേരി ചുരത്തിൽ ഗതാഗത തടസമുണ്ടായി. പാലക്കാട് പലയിടത്തും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു. അർധരാത്രിയാണ് സംഭവം. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴിക്കോട് വിലങ്ങാട് മരം വീണ് വീട് തകർന്നു. വിലങ്ങാട് സ്വദേശി ജലജയുടെ വീടാണ് തകർന്നത്.

ഇടുക്കി മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര നിരോധിച്ചു. ജില്ലയിലെ ഖനനപ്രവർത്തനങ്ങളും നിരോധിച്ചു. തോട്ടം മേഖലയിലെ പുറം ജോലികൾക്കും നിയന്ത്രണം. പാലക്കാട് നെല്ലിയാമ്പതിയിൽ തത്കാലം വിനോദസഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. എറണാകുളം ജില്ലയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചു.

കണ്ണൂർ ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളിലും വെള്ളം കയറി. പഴശ്ശി ഡാമിന്‍റെതാഴെയുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. അട്ടപാടിയിൽ വൈദ്യുതി പോസ്റ്റുകളടക്കം തകര്‍ന്നതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. രാത്രി കനത്ത കാറ്റും മഴയുമുണ്ടായിരുന്നു.

മലപ്പുറത്ത് രാവിലെ മുതൽ മഴ ശക്തമാണ്. തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമാണ്.

കോഴിക്കോട് മാവൂർ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും കരകവിഞ്ഞൊഴുകുകയാണ്.ഊർക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 16 ഷട്ടറുകൾ ഉയർത്തി.

വയനാട്ടിൽ ഇന്നലെ രാത്രി പരക്കെ കനത്ത മഴയും കാറ്റും വീശി. തലപ്പുഴയിലെ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തിരുനെല്ലി പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പനംകുറ്റി ഉന്നതിയിലെ എട്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലിയിലെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളം കയറിയ നിലയിലാണ്. വയനാട് 9 പഞ്ചായത്തുകളിൽ റിസോർട്ടുകൾ ഹോംസ്റ്റേകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് നിരോധനം.

സുൽത്താൻ ബത്തേരി മേഖലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ റോഡിനു കുറുകെയും വീടിനുമുകളിലേക്കും മരങ്ങൾ വീണു. സുൽത്താൻ ബത്തേരി കല്ലൂർ പുഴ കരകവിഞ്ഞു. സമീപത്തെ ഉന്നതികളിലേക്ക് വെളളം കയറി തുടങ്ങി. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് സമീപം റോഡിന് കുറുകെ മരം വീണ് ഗതാഗത തടസമുണ്ടായി.

പാലക്കാട്‌ ചുള്ളിയാർ ഡാമിന്‍റെ സ്പിൽവേ ഷട്ടർ അഞ്ച് സെന്റിമീറ്റർ ഉയർത്തി. ഗായത്രിപ്പുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം. ആളിയാർ ഡാം ഷട്ടറും തുറന്നു. മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്നു. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണം.

കൊല്ലം തെന്മല പരപ്പാർ ഡാം തുറന്നു. പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ എട്ടിഞ്ച് തുറന്നിട്ടുണ്ട്.

 

Send your news and Advertisements

You may also like

error: Content is protected !!