Wednesday, October 15, 2025
Mantis Partners Sydney
Home » എച്ച് 1 ബി വിസ: ഉചിതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ; വിശദീകരണവുമായി യുഎസ്
എച്ച് 1 ബി വിസ: ഉചിതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ; വിശദീകരണവുമായി യുഎസ്

എച്ച് 1 ബി വിസ: ഉചിതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ; വിശദീകരണവുമായി യുഎസ്

by Editor

ന്യൂഡൽഹി: എച്ച് 1 ബി വിസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്താനുള്ള അമേരിക്കൻ ഭരണകൂടത്തിൻ്റെ നടപടിയിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. എച്ച് 1 ബി വിസ വിഷയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യു.എസ് നടപടി കുടുംബങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കാരണം മാനുഷിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ത്യയിലെ വ്യവസായ മേഖലയെ ഉൾപ്പെടെ ഈ നടപടി എങ്ങനെ ബാധിക്കുമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. വിദഗ്ധരായ ആളുകളുടെ പ്രവർത്തനം ഇന്ത്യയിലും യുഎസിലും സാങ്കേതികവിദ്യാ വികസനം, കണ്ടുപിടിത്തങ്ങൾ, സാമ്പത്തികവളർച്ച, മത്സരക്ഷമത, സമ്പത്ത് സൃഷ്ടിക്കൽ എന്നിവയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്ക് യുഎസ് അധികൃതര്‍ ഉചിതമായ പരിഹാരം കാണുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു.

അതേസമയം എച്ച്-1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസ് പുതിയ അപേക്ഷകൾക്കെ ബാധകമാകുകയുള്ളുയെന്നും നിലവിൽ വീസയുള്ളവരും വീസ പുതുക്കാനുള്ളവർക്കും നടപടി ബാധകമല്ലെന്നും യുഎസ് അഡ്മിനിസ്ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഇന്ത്യൻ സമയം രാവിലെ തിരിച്ചെത്താൻ എച്ച് വൺ ബി വീസയുള്ള ഇന്ത്യയ്ക്ക് പുറത്തുള്ള ജീവനക്കാരോട് പല കമ്പനികളും നിർദ്ദേശിച്ചിരുന്നു. ഇതിൻറെ ആവശ്യം ഇല്ലെന്നു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. വിസാ നിരക്കിലെ മാറ്റം ഇന്നാണ് (ഞായറാഴ്‌ച) നിലവിൽ വരുന്നത്.

എച്ച്-1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ട്വീറ്റ് ചെയ്തു. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നും വർഷം തോറും ഈടാക്കില്ലെന്നും അവർ ട്വീറ്റ് ചെയ്തു. അതോടൊപ്പം നിലവിലെ എച്ച്-1ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്നും വ്യക്തമാക്കിയ അവർ, നിലവിലെ വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കുന്നതിനും അമേരിക്കയിൽ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ട്രംപ് സുപ്രധാന ഉത്തരവിൽ ഒപ്പിട്ടത്. എച്ച്-1ബി വിസ പ്രോഗ്രാമിൽ ഒരു വലിയ പരിഷ്‌കരണമാണ് നടത്തിയത്. 2025 സെപ്റ്റംബർ 21 ന് പുലർച്ചെ 12:01 മുതൽ പുതിയ ഫീസ് പ്രാബല്യത്തിൽ വരുമെന്നായിരുന്നു സർക്കാരിൻ്റെ അറിയിപ്പ്. ഇതിന് പിന്നാലെ നിലവിൽ യുഎസിന് പുറത്തുള്ള H-1B വിസ ഉടമകളോ അവരുടെ കുടുംബാംഗങ്ങളോ ഉടൻ യുഎസിലേക്ക് മടങ്ങണമെന്ന് ഇമിഗ്രേഷൻ അഭിഭാഷകരും കമ്പനികളും ഉപദേശിച്ചിരുന്നു. രണ്ടായിരം മുതൽ അയ്യായിരം വരെ ഡോളറായിരുന്ന ഫീസ് കുത്തനെ ഒരു ലക്ഷത്തിലേക്ക് ഉയർത്തി ഈ തുക കമ്പനികൾ അടയ്ക്കണമെന്ന് ഉത്തരവിട്ട ട്രംപിൻ്റെ നീക്കം സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസുകൾ, ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!