ചരക്ക്-സേവനനികുതി (ജി എസ് ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം തിങ്കളാഴ്ച (സെപ്റ്റംബർ 22) മുതല്‍ പ്രാബല്യത്തിലാവുകയാണ്. ജി.എസ്.ടി കൗൺസിൽ തീരുമാന പ്രകാരമുള്ള നികുതിയിളവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്താൻ സംസ്ഥാനം വിജ്ഞാപനം പുറപ്പെടുവിച്ചു. ഏഴുവർഷം മുമ്പ് നിലവിൽവന്ന നികുതി ഘടനയിലെ ഏറ്റവും വലിയ അഴിച്ചുപണിയാണ് നടപ്പാകുന്നത്. നിലവിലെ നാല് സ്ലാബുകൾ ഇനി രണ്ടായി ചുരുങ്ങും. ഉൽപന്നങ്ങളെ അഞ്ച്, 18 എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളിൽ ഒതുക്കി. 12, 18 സ്ലാബുകൾ ഒഴിവാക്കി. 12 ശതമാനത്തിൽ ഉൾപ്പെട്ടിരുന്ന 99 ശതമാനം ഉൽപന്നങ്ങളും അഞ്ച് ശതമാനത്തിലാവും. 28 ശതമാനമുണ്ടായിരുന്ന 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലും ഉൾപ്പെടുത്തി.
പുതിയ ഭേദഗതി നടപ്പാകുമ്പോൾ പായ്ക്കുചെയ്‌ത ഭക്ഷണ സാധനങ്ങളിൽ മിക്കവയ്ക്കും വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ തുടങ്ങി സാധാരണക്കാർ വാങ്ങുന്ന മിക്കവയ്ക്കും വില കുറച്ച് നൽകിയാൽ മതിയാകും. ജി എസ് ടി നിരക്കില്‍ വന്ന മാറ്റത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് അതേപടി നല്‍കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികളും. ഉയർന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാർക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതു കൊണ്ടുവരിക.
മരുന്നുകളുടെ വില കുറയും. ക്യാൻസർ, ഹീമോഫീലിയ, ന്യൂറോ, വിവിധ ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്ക് ദീർഘകാലത്തേക്ക് മരുന്ന് കഴിക്കുന്നവർക്ക് നാളെ മുതൽ ആശ്വാസം ലഭിക്കും. മരുന്നിന്റെ ജി എസ് ടി 12 ശതമാനത്തിൽ നിന്ന് അഞ്ചായി കുറച്ചതിനാലാണിത്. ക്യാൻസർ, ഹീമോഫീലിയ, സ്‌പൈനൽ മസ്ക്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗികൾ എന്നിവർക്കുള്ള 34 മരുന്നുകളുടെ ജി എസ് ടി പൂർണമായി ഇല്ലാതായി.
വിലയിലെ വ്യത്യാസം കൂടുതല്‍ പ്രതിഫലിക്കുക നിത്യാപയോഗ സാധനങ്ങള്‍ക്കായി ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തന്നെയാണ്. നിലവിലുള്ള സ്റ്റോക്കും തിങ്കളാഴ്ച മുതല്‍ പുതിയ നിരക്കിലേ വില്‍ക്കാനാകൂ. ശീതീകരിച്ച പാല്‍ ഉല്‍പ്പന്നങ്ങള്‍, ബിസ്ക്കറ്റ്, ന്യൂഡില്‍സ്, ഡ്രൈഫ്രൂട്ട്സ് തുടങ്ങിയവയാണ് വിലകുറയുന്ന ഭക്ഷ്യവസ്തുക്കള്‍. സോപ്പ്, ഷാംപൂ, ഷേവിങ് ക്രീം, പെര്‍ഫ്യൂം എന്നിവയ്ക്കും ജി എസ് ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയും. 12 ശതമാനം ജിഎസ്ടി ഈടാക്കിയിരുന്ന നോട്ട് ബുക്ക് അടക്കമുള്ള സ്കൂള്‍ സാധനങ്ങള്‍ക്ക് ജിഎസ്ടി പൂര്‍ണമായും ഇല്ലാതാകുന്നതോടെ കാര്യമായ വിലക്കുറവ് ഉണ്ടാകും.
ഇലക്ട്രോണിക്സ്, കൺസ്യൂമർ ഉത്പന്നങ്ങളുടെയും വിലയിൽ വലിയ അന്തരമുണ്ടാകും. ടിവി, എ.സി, ഡിഷ് വാഷര്‍, ഇന്‍വര്‍ട്ടര്‍ ബാറ്ററി എന്നിവ തിങ്കള്‍ മുതല്‍ വന്‍ വിലക്കുറവില്‍ കിട്ടും. ഗൃഹോപകരണ വിപണിയില്‍ പുതിയ ട്രെന്‍ഡുകള്‍ക്കും ഇത് തുടക്കമിടും. 32 ഇഞ്ചിന് മുകളിലുള്ള എല്‍.ഇ.ഡി ടി.വി, എ.സി, ഡിഷ് വാഷര്‍, ബാറ്ററി എന്നിവയുടെ ജി.എസ്.ടി 28-ല്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറയുകയാണ്. ഉല്‍പന്നങ്ങളുടെ അടിസ്ഥാനവിലയില്‍ നിന്ന് പത്തുശതമാനം കുറവുവരുമെന്നാണ് വിതരണക്കാര്‍ പറയുന്നത്.
ഇടത്തരം വാഹനങ്ങളുടെ ജി.എസ്.ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാർനിർമാണ കമ്പനികൾ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ തയ്യാറായി. പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തേ വിൽപ്പനയ്‌ക്കെത്തിയ ഉത്പന്നങ്ങളിൽ പരിഷ്കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുൻനിർത്തി ഇതിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. വില കുറയുന്നതോടെ വില്‍പനയില്‍ വരും ദിവസങ്ങളില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ.