ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ പരിഷ്‌കരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ തീരുമാനമെടുക്കാനുള്ള ജിഎസ്‌ടി കൗൺസിൽ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും. 12 ശതമാനം, 28 ശതമാനം നികുതി സ്ലാബുകൾ ഒഴിവാക്കണമെന്ന നിർദേശമാണ് ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ചേരുന്ന 56-ാം ജിഎസ്‌ടി കൗൺസിൽ യോഗം മുഖ്യമായും പരിഗണിക്കുക.
നിലവിലെ അഞ്ച്, 12, 18, 28 ശതമാനം സ്ലാബ് ജിഎസ്ടി നിരക്കുകളെ അഞ്ച്,18 ശതമാനം എന്നീ രണ്ട് സ്ലാബ് നിരക്കുകൾക്ക് കീഴിലാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. നിർദേശം കൗൺസിൽ അംഗീകരിച്ചാൽ നിലവിലെ 12 ശതമാനം സ്ലാബിലെ ഭൂരിഭാഗം ഉൽപ്പന്നങ്ങളും അഞ്ചുശതമാനത്തിലേക്കും 28 ശതമാനം സ്ലാബിലെ ഉൽപ്പന്നങ്ങൾ 18 ശതമാനത്തിലേക്കും മാറും. മൊബൈൽ ഫോൺ, കംപ്യൂട്ടർ, സിമന്റ്, തുകൽ ഉൽപന്നങ്ങൾ, ചെറിയ കാറുകൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്‌ടി കുറഞ്ഞേക്കും. ഈ ദീപാവലിക്ക് മുൻപ് നിർദേശം നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
പരിഷ്‌കാരം നികുതി വരുമാനം ഗണ്യമായി ഇടിക്കുമെന്ന ആശങ്ക സംസ്ഥാന സർക്കാരുകൾക്കുണ്ട്. നഷ്‌ടം നികത്താൻ പാക്കേജ് വേണമെന്ന് കേരളം ഉൾപ്പെടെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ മന്ത്രിമാർ ആവശ്യപ്പെട്ടു. കേന്ദ്രം ഇതിനോട് പ്രതികരിച്ചിട്ടില്ല. പുതിയ നിർദേശം ജിഎസ്‌ടി വരുമാനത്തിൽ പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്ക്. കേരളത്തിന് പതിനായിരം കോടി രൂപ നഷ്‌ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രീമിയത്തിനുള്ള 18 ശതമാനം ജിഎസ്‌ടി ഒഴിവാക്കണമെന്ന നിർദേശവും കൗൺസിൽ പരിഗണിക്കും.