കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിൽ കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചതെന്നാണ് വിവരം. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദചാമി. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് പുലർച്ചെ 1.15-ഓടെ ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിൻ്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയതെന്നാണ് വിവരം. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം വെള്ളിയാഴ്‌ച രാവിലെ 7 മണിയോടെയാണ് സ്‌ഥിരീകരിച്ചത്.