തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. സാമൂഹ്യ ക്ഷേമ പെൻഷൻ ഒറ്റയടിക്ക് 400 രൂപ വർധിപ്പിച്ച് പ്രതിമാസം 2000 രൂപയാക്കി. ഇതിനായി 13,000 കോടി നീക്കി വെക്കും. ആശാ വർക്കർമാരുടെ ഓണറേറിയവും 1000 രൂപ വർധിപ്പിച്ചു. ഓണറേറിയം വര്‍ധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടറിയേറ്റ് പടിക്കല്‍ 200 ദിവസത്തിലേറെയായി നടക്കുന്ന ആശമാരുടെ സമരം അവസാനിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയിരിക്കയാണ്.
സർക്കാർ ഉദ്യോഗസ്ഥർക്കും ആശ്വാസമേകുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം അറിയിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ഡിഎ ഒരു ഗഡു (നാല് ശതമാനം) കൂട്ടി. സ്ത്രീകൾക്കായി പ്രത്യേക പെൻഷനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയാണ് അവതരിപ്പിച്ചത്. ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവിൽ ഒരു സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത 35 മുതൽ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. 33.34 ലക്ഷം സ്ത്രീകൾ ഈ പദ്ധതികളുടെ ഉപഭോക്താക്കളാകും എന്നാണ് സർക്കാരിന്റെ കണക്ക്.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കൾക്ക് പ്രതിമാസം ആയിരം രൂപ സ്കോളർഷിപ്പ് അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തൊട്ടടുത്തുനില്‍ക്കെ ഭരണത്തുടര്‍ച്ചയ്ക്കായുള്ള ശ്രദ്ധേയമായ നീക്കമാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. അടിസ്ഥാന വിഭാഗത്തിന്റെയും, സര്‍ക്കാര്‍ ജീവനക്കാരുടെയും പിന്തുണ ഉറപ്പിക്കുന്ന നീക്കമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കുന്നതാണ് പ്രഖ്യാപനങ്ങൾ. ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മേല്‍ക്കൈ ലഭിക്കുമെന്ന അമിത പ്രതീക്ഷയിലാണ് ഇടത് പക്ഷം. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രതിഫലിക്കും.
 



