Mantis Partners Sydney
Tuesday, March 10, 2026
Mantis Partners Sydney
Home » ഗോലി സോഡായെ മറന്നോ..?
ഗോലി സോഡായെ മറന്നോ..?

ഗോലി സോഡായെ മറന്നോ..?

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

ഗോലി സോഡാക്കുപ്പികള്‍ ഇപ്പോള്‍ നാട്ടില്‍ ദുര്‍ലഭമായിരിക്കുന്നുവെങ്കിലും, ഓര്‍മ്മകള്‍ അത്ര വേഗം മരിക്കുമോ?
ആദ്യമായി ഒരു സോഡാ വാങ്ങിക്കുടിക്കുന്നതു് എന്നാണ്? കൃത്യമായി ഓർക്കുന്നില്ല…. സ്കൂളിൻറെ അടുത്തുള്ള ഒരു കടയിൽ നിന്നാണ്… വേയിലേറ്റു വാടിയിരുന്ന, നീല നിറമുള്ള ഗോലി സോഡാക്കുപ്പി മാടക്കടക്കാരന്‍ സ്റ്റൈലോടെ എടുത്ത് തന്നിട്ട്, “പൊട്ടിച്ചു തരണോ, അതോ തനിയെ പൊട്ടിച്ചോളാമോ..?” എന്നോ മറ്റോ ചോദിച്ചുവെന്നാണു് ഓര്‍മ്മ… എനിക്ക് ആ വിദ്യ അറിയാമായിരുന്നില്ല; കടകക്കാരൻ ഓപ്പണർ ഇല്ലാതെ ‘വിരൽ ഓപ്പണർ’ ഉപയോഗിച്ച് തുറന്നു തന്നു…. ആ ഗ്യാസ് നിറഞ്ഞ വെള്ളം ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ എന്തൊരു സുഖം! (അക്കാലത്തു നിറമുള്ള വെള്ളം നിറച്ച ശീതള പാനീയങ്ങൾ ഞാങ്ങളുടെ കുഗ്രാമത്തിൽ ഉണ്ടായിരുന്നില്ല; ‘ക്രെഷ്’ എന്ന് വിളിച്ചിരുന്ന വില കൂടിയ എന്തോ ഒന്ന് ഒഴികെ…) പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് തണുപ്പിച്ച സോഡാ, ഒരു കൂൾ ബാറിൽ ഇരുന്ന് കഴിക്കുന്നത്… അതോടെ അതായി ഏറ്റവും സുഖമുള്ള പാനീയം….

ഗോലിസോഡാ കുപ്പി തുറക്കുന്ന ‘ഓപ്പണർ’ കുപ്പിക്ക് മേൽ അമർത്തിപ്പിടിച്ചു പിടിപ്പിച്ച്, “പിഷ്യൂം” എന്ന ശബ്ദത്തില്‍ സോഡ പൊട്ടിക്കുന്നത് ഒരു കലയായിരുന്നു… വിരലുകൊണ്ടും വന്‍‌ശബ്ദത്തോടെ സോഡ പൊട്ടിക്കുന്നവരുണ്ടായിരുന്നു. സോഡാ പൊട്ടിക്കൽ കലാകാരന്മാര്‍ക്കാണോ നാട്ടില്‍ പഞ്ഞം?

ഗോലി സോഡാക്കുപ്പികളുമായ് സോഡാക്കാരന്‍ വീടിനു മുമ്പിലൂടെ സൈക്കിളില്‍ പോകുമ്പോഴത്തെ ശബ്ദ കോലാഹലം, ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. ആ കൂട്ടത്തിലെ ഒഴിഞ്ഞ കുപ്പികളാവും കൂടുതല്‍ ഒച്ചയുണ്ടാക്കുക, കാരണം അവയിലെ ‘ഗോലി‘ എന്ന സ്ഫടിക ഗോളം യാതൊരു വിധ തടസ്സവുമില്ലാതെ കുപ്പിയുടെ തൊണ്ടക്കുഴക്കുള്ളിൽ ഓടി നടക്കുന്നുണ്ടാവണം.

ഗോലിക്കു ഞങ്ങളുടെ നാട്ടിൽ ‘വട്ട്‘ എന്നാണ് വിളിച്ചിരുന്നത്- (ഓരോരോ ‘വട്ടു’കൾ !) അതുപോലെ സോഡയെ ‘ഷോഡാ‘ നാട്ടിലെ പരിഷ്കാരികൾ വിളിക്കും… നാട്ടിലെ വലിയയോരു പഴമൊഴിയാണ് ഇത്: “കുപ്പിയില്‍ ഗോലി ഇട്ടവന്‍ വിചാരിച്ചാലും എടുക്കാന്‍ പറ്റില്ല.”

കാര്‍ബണേറ്റഡ് വെള്ളം കുടിക്കാനിപ്പോഴും ഇഷ്ടം തന്നെ. ഗോലി സോഡായില്‍ തുടങ്ങിയ സോഡാ പാനം, ഇപ്പോള്‍ ‘പെറ്റ് ബോട്ടിലി’ൽ എത്തി നില്‍ക്കുന്നു.

ഗോലി സോഡാക്കുപ്പിയുടെ ചരിത്രം അതീവ മഹിതമാണ്. ഗോലി സോഡാക്കുപ്പിയുടെ ശരിയായ പേരു്, ‘കോഡ് നെക്ക് ബോട്ടിൽ‘ (Codd Neck Bottles) എന്നാണു്. 1872-ല്‍ ഇംഗ്ലണ്ടിലെ ഹിരാം കോഡ് എന്ന സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാതാവാണു് നമ്മുടെ നാട്ടില്‍ കണ്ടിരുന്ന വട്ട് സോഡാക്കുപ്പി പേറ്റന്റ് ചെയ്തതു്. ബ്രിട്ടീഷ് കോളനികളിലാണു് ‘കോഡ് നെക്ക് കുപ്പി’കൾക്ക് കൂടുതല്‍ പ്രചാരമുണ്ടായത്.

മൂശയില്‍ ഉരുക്കുന്നതിനിടയില്‍ത്തന്നെ കുപ്പിയുടെ കഴുത്ത് അല്പം ഞെക്കി പരത്തുന്നു; പിന്നെ, അല്പം തണുക്കാന്‍ അനുവദിച്ച ശേഷം, അതിലേക്ക് ഒരു ഗ്ലാസ്സ് മാര്‍ബിള്‍ ഗോളം (ഗോലി / വട്ട് എന്നു മലയാളം) ഇടുന്നു. ഈ ഗോലിക്ക് കുപ്പിയുടെ പുറംതോടിൻ്റെ രണ്ടിരട്ടി കനമുണ്ട്; എന്നിട്ട് കഴുത്തിന്റെ ബാക്കിയുള്ള റബര്‍ വാഷറുള്ള ഭാഗം കൂടി ഉരുക്കി പിടിപ്പിക്കുന്നു -ഗോലിസോഡാക്കുപ്പി തയാര്‍!

തല കീഴേ കുപ്പി നിര്‍ത്തിയാണു് ഇതില്‍ കാര്‍ബണേറ്റഡ് വെള്ളം നിറയ്ക്കുന്നത്. ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി, നിറയ്ക്കലിനൊടുവില്‍ വായറ്റത്തുള്ള വാഷറിനടുത്ത് കുപ്പിയിലെ ‘ഗോലി’ എത്തുന്നു. അതിനെ അവിടെത്തന്നെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തുന്നതാകട്ടെ, കുപ്പിയിലെ ഗ്യാസിന്റെ മര്‍ദ്ദവും.

വാൽക്കഷണം: നാട്ടില്‍ ‘വട്ട് സോഡാക്കുപ്പി’ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു എന്നു തോന്നുന്നു. എങ്കിലും, കണ്ടാല്‍ കുപ്പിയൊരെണ്ണം വാങ്ങി വെച്ചോളൂ‍, കൌതുക വസ്തുക്കളായി ‘കോഡ് നെക്ക് ബോട്ടിൽ’ ശേഖരിക്കുന്നവര്‍ക്കിടയില്‍, ഈ കുപ്പിക്ക് ഇപ്പോള്‍ നല്ല വിലയുണ്ടത്രേ!

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!