കൊച്ചി: സംസ്ഥാനത്ത് റെക്കോർഡ് ഭേദിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 640 രൂപ വർധിച്ചതോടെ വില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വർധിച്ചത്. 9805 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വർണ വില. പിന്നീട് 20-ാം തിയതി വരെയുള്ള കാലയളവിൽ 2300 രൂപ താഴ്ന്ന ശേഷം തുടർന്നുള്ള ദിവസങ്ങളിൽ സ്വർണ വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. 20-ാം തിയതി 73,440 രൂപയായിരുന്നു സ്വർണ വില. രണ്ടാഴ്ച കൊണ്ട് 5000 രൂപയാണ് വർധിച്ചത്.
2025ൽ ആഗോള സ്വർണ്ണവില 33 ശതമാനം ഉയർന്നുവെന്നാണ് റിപ്പോർട്ട്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും അമേരിക്കൻ സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കകളും മാറിമറഞ്ഞ താരിഫ് നയങ്ങളുമെല്ലാമാണ് കുതിപ്പിന് കാരണം. ഈ വർഷം ഇനിയുള്ള മാസങ്ങളിൽ സ്വർണ്ണത്തിന്റെ ശരാശരി ആഗോളവില ഔൺസിന് 3,400 മുതൽ 3,600 യുഎസ് ഡോളർ വരെ വർധിച്ചേക്കാം. 2026 ആദ്യപകുതിയിൽ വില വീണ്ടും 3,600 മുതൽ 3,800 യുഎസ് ഡോളർ വരെ വർധിക്കുമെന്നാണ് പ്രവചനം. യുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും രൂക്ഷമായാൽ വില വീണ്ടും കൂടും. അമേരിക്കൻ സാമ്പത്തികസാഹചര്യങ്ങൾ തന്നെയാകും ഏറ്റവും നിർണായകം.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണ വിലയെ സ്വാധീനിച്ചത്. ട്രംപ് നയത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണം.