കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു. ഇന്നലെ മൂന്ന് തവണയായി പവന് 3,160 രൂപയാണ് വർധിച്ചത്. 1,10,400 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 13,800 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തിങ്കളാഴ്‌ച രാവിലെ 1400 രൂപ വർധിച്ചതോടെ സർവകാല റെക്കോർഡിട്ട സ്വർണവില റെക്കോർഡുകൾ തിരുത്തി കുതിക്കുന്ന കാഴ്‌ചയാണ് കണ്ടത്. 14 ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് ഇന്നലെ തിരുത്തിയത്.
ഡിസംബർ 23 -നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് വില ഇപ്പോഴും ഉയർന്നു നിൽക്കാൻ കാരണം.
ഗ്രീൻലാൻഡിനെ ചൊല്ലി അമേരിക്കയും യുറോപ്യൻ രാജ്യങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ആഗോള വിപണികളിൽ സമ്മർദ്ദമേറുന്നതും സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് വലിയ തോതിൽ പണമൊഴുകിയതോടെ വില ചരിത്രത്തിലാദ്യമായി ഔൺസിന്(31.1 ഗ്രാം) 4,730 ഡോളർ കവിഞ്ഞു. വെള്ളി വില ഔൺസിന് 100 ഡോളറിന് അടുത്തെത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായി. അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി.



