ഗോൾഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ (ജിസിഎംഎ) ഓഗസ്റ്റ് 29-ന് റോബിന കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഓണം 2025 ആഘോഷം മലയാളി സമൂഹത്തിന്‍റെ വിപുലമായ പങ്കാളിത്തത്തോടെയും കലാ-സാംസ്കാരിക പരിപാടികളുടെ സമൃദ്ധിയോടെയും കൂടി വിജയകരമായി നടന്നു.
പ്രൗഢഗംഭീരമായ ആഘോഷങ്ങൾക്ക് തുടക്കമായി പരമ്പരാഗത പൂക്കളം, തിരുവാതിര, വള്ളംകലി ഗാനങ്ങൾ, സംഗീത-നൃത്താവിഷ്‌കാരങ്ങൾ എന്നിവ അരങ്ങേറി. മലയാളി കുടുംബങ്ങൾ, കുട്ടികൾ, യുവാക്കൾ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ എന്നിവർ നൂറുകണക്കിന് പേർ ആവേശത്തോടെ പങ്കെടുത്തു.
സമ്മേളനത്തിന് ജിസിഎംഎ പ്രസിഡന്‍റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത വയലിനിസ്റ്റും പ്ലേബാക്ക് ഗായികയും സംഗീതജ്ഞയുമായ ലക്ഷ്മി ജയൻ മുഖ്യാതിഥിയായി പങ്കെടുത്തത് ആഘോഷങ്ങൾക്ക് കൂടുതൽ ഭംഗി പകർന്നു. ജിസിഎംഎ സെക്രട്ടറി ആന്‍റണി ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്‍റ് സാജു സി.പി. നന്ദി രേഖപ്പെടുത്തുകയും ചെയ്തു. റെവ. ഫാ. അശോക്, ഡോ. ചൈതന്യ ഉണ്ണി എന്നിവർ ഓണ സന്ദേശം നൽകി.
വൈവിധ്യമാർന്ന സംഗീത-നൃത്താവിഷ്‌കാരങ്ങൾ പ്രേക്ഷകർക്ക് കലാമനോഹരമായ അനുഭവമായി. കുട്ടികൾ അവതരിപ്പിച്ച തിരുവാതിര, യുവജനങ്ങളുടെ സംഗീത-നൃത്ത പ്രകടനങ്ങൾ തുടങ്ങിയവ മലയാളി കലാസാംസ്കാരിക പാരമ്പര്യത്തിന്റെ ഭംഗി ഓർമ്മിപ്പിച്ചു.
ആഘോഷങ്ങളുടെ വിജയത്തിന് ജിസിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കമൽ ചന്ദ്രൻ, സിബി മാത്യു, അരുണ്‍ രാധാകൃഷ്ണൻ, മോൻസ് സക്കറിയ, ബിബിൻ മാർക്കോസ്, വിപിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
ഓണം ആഘോഷങ്ങളുടെ ഭാഗമായി തനതു കേരളീയ വിഭവങ്ങളടങ്ങിയ ഓണസദ്യയും ഒരുക്കിയിരുന്നു. വൈവിധ്യമാർന്ന രുചികളോടെ ഒരുക്കിയ ഓണസദ്യയിൽ പങ്കെടുത്തവർക്ക് “കേരളം ഹൃദയത്തിൽ” എന്നൊരു അനുഭവമായി. ജിസിഎംഎയുടെ നേതൃത്വത്തിൽ നടന്ന ഓണം 2025 ആഘോഷം, മലയാളി സമൂഹത്തിന്റെ ഐക്യവും, കലാ-സാംസ്കാരിക ഐശ്വര്യവും, കേരളീയ സ്നേഹബന്ധങ്ങളും വിദേശ മണ്ണിൽ വീണ്ടും തെളിയിച്ചിരിക്കുകയാണ്.