Mantis Partners Sydney
Tuesday, March 10, 2026
Mantis Partners Sydney
Home » ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; രാജി ആവിശ്യപ്പെട്ട് പ്രതിപക്ഷം
ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ.

ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; രാജി ആവിശ്യപ്പെട്ട് പ്രതിപക്ഷം

by Editor
Send your news and Advertisements

കൊട്ടാരക്കര: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോന്റെ ഗുരുതര ആരോപണമാണ് ഇന്നലെ വൈകുന്നേരത്തെ വാർത്താചാനലുകളുടെ പ്രധാന തലക്കെട്ടികളിലൊന്ന്. മാർച്ച് 7-ന് (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടുമണിയോടെ വാളകത്തെ കുടുംബവീട്ടിൽ വെച്ചാണ് ഈ സംഭവം നടന്നതെന്ന് അവർ ആരോപിക്കുന്നു.

വാളകത്തെ വീട്ടിൽ അപ്രതീക്ഷിതമായി എത്തിയപ്പോൾ മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ ചിത്രങ്ങൾ താൻ മൊബൈലിൽ പകർത്തിയെന്നും ബിന്ദു മേനോൻ അവകാശപ്പെടുന്നു. ചിത്രങ്ങൾ എടുത്തതിനെത്തുടർന്ന് മന്ത്രിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർ തന്നെ തടഞ്ഞുവെച്ചതായും മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചതായും അവർ ആരോപിച്ചു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ നിർദേശപ്രകാരം 112 എന്ന നമ്പറിൽ വിളിച്ച് ബിന്ദു മേനോൻ പോലീസ് സഹായം തേടിയെങ്കിലും സംഭവസ്ഥലത്തെത്തിയ പോലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നും അവർ ആരോപിക്കുന്നുണ്ട്.

വീട്ടിലേക്ക് വരാൻ മന്ത്രി അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞ് വീടിന് പുറത്തുവരെ വന്ന് പൊലീസ് തിരിച്ചുപോയെന്നും മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞു. സംഭവത്തിന് പിന്നാലെ മാനസികമായി തകർന്നു. ആരുടെയും മന്ത്രിസ്ഥാനം കളയാനോ പ്രശസ്തി ഇല്ലാതാക്കാനോ അല്ല, തനിക്ക് വട്ടാണെന്ന് ഗണേഷ് കുമാർ പറഞ്ഞതുകൊണ്ടാണ് പ്രതികരിക്കുന്നത്. തന്റെ കയ്യിൽ ഇത്രയും തെളിവുണ്ടായിട്ടും തനിക്ക് വട്ടാണെന്ന് പറയുന്നത് മണ്ടത്തരമാണ്. ശാരീരികമായിട്ടില്ലെങ്കിലും മാനസിക പീഡനം വർഷങ്ങളായി അനുഭവിക്കുകയാണെന്നും ബിന്ദു മേനോൻ പറഞ്ഞു.

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങൾക്ക് പിന്നാലെ രാജി ആവിശ്യപ്പെട്ട് പ്രതിപക്ഷം. ആരോപണങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് എൽഡിഎഫ് നേത്യത്വം. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും നീതി ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി രമേശ് ചെന്നിത്തല എന്നിവർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് കത്ത് നല്‍കി. ഗണേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷം. വരും ദിവസങ്ങളില്‍ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് ഡി.സി.സി (DCC) സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബി.ജെ.പി പ്രവർത്തകരും മന്ത്രിയുടെ വാളകത്തെ വസതിയിലേക്ക് മാർച്ച് നടത്തി.

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കിൽ ഇടപെടണമായിരുന്നുവെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. മുഖ്യന്ത്രിയുടെ മകളെയല്ല മുഖ്യമന്ത്രിയെ തന്നെ വിളിച്ച് വിഷയം പറയാമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയം മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് അറിയിച്ചിരുന്നുവെന്ന് ബിന്ദു മേനോൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനോടാണ് മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാതി ആയതിനാൽ വിഷയത്തിൽ മന്ത്രി തന്നെ മറുപടി പറയണമെന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചത്.

പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത്-വലത് കോഴി മത്സരമാണ് ഭണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യന്മാരായ മനുഷ്യരാണ്. അല്ലാതെ കോഴിയും താറാവുമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി ‘മറ്റേ മോനെ’ എന്ന് വിളിച്ചതിന്റെ അര്‍ത്ഥം ഇപ്പോഴാണ് വ്യക്തമായതെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. ഈ തരികിട പ്രണയമൊക്കെ സിനിമയില്‍ പറ്റും, മന്ത്രിക്കസേരക്ക് പറ്റില്ല. ഇടത് മുന്നണി ഭരിക്കുമ്പോള്‍ മന്ത്രിമാരുടെ ഭാര്യക്കുപോലും രക്ഷയില്ല എന്ന അവസ്ഥയാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം കോൺഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.  ബിജെപിയും ഇതിൽ പങ്കാളിയാണ്. പത്തനാപുരം നിയോജക മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രസക്‌തിയില്ല. 2001-ൽ പറയാത്ത അസഭ്യങ്ങളില്ല. അന്ന് ഭാര്യയായിരുന്ന സ്ത്രീ 25 പേജുള്ള പുസ്ത‌കം അടിച്ചാണ് തനിക്കെതിരെ വിതരണം ചെയ്‌തതെന്നും ഗണേഷ് കുമാർ പറഞ്ഞു. “ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം മാധവിക്കുട്ടിക്ക് പ്രണയം ഉണ്ടോയെന്ന് ചോദിക്കും പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവൻ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്‌റുവിന് പ്രണയമുണ്ടായിരുന്നു. വാജ്പേയിക്ക് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചല്ലേ കല്യാണം കഴിച്ചത്. എപ്പോഴും ശത്രുക്കൾ വീട്ടിനുള്ളിൽ നിന്നാണ്. കെഎസ്ആർടിസി ജീവനക്കാർ ഒന്നടങ്കം എന്നോടൊപ്പം നിൽക്കുകയാണ്.

ആരാണ് ശ്രീലേഖ ? അവർക്ക് മേയറാകാൻ പറ്റാത്തതിൻ്റെ കുശുമ്പാണ്. അവർ ബിജെപിയും ഞാൻ എൽഡിഎഫും ആണ്. വട്ട് മൂത്താൽ ആർക്കും 112ൽ വിളിക്കാം. ഞാൻ വൻഭൂരിപക്ഷത്തിൽ ജയിക്കും. വീടിൻ്റെ അകത്തുള്ള കാര്യം മാധ്യമങ്ങളോട് പറയേണ്ടെന്ന് കരുതി. എല്ലാവർക്കും പ്രണയമുണ്ട്. ചിലർ ഒളിച്ചുവയ്ക്കുന്നു, ചിലർ പരസ്യമായി പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രണയമുണ്ടായിരുന്നത് ജവഹർലാൽ നെഹ്‌റുവിനാണ്’ ഗണേഷ് കുമാർ പറഞ്ഞു.

You may also like

error: Content is protected !!