തിരുവനന്തപുരം: തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷിന്‍റെ ആരോപണത്തിന്, മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ എന്ന് ചാണ്ടി ഉമ്മൻ. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ദ്രോഹിക്കുകയും കുടുംബം തകര്‍ത്ത് സകലതും പിടിച്ചുവാങ്ങി മക്കളെയും തന്നെയും വേര്‍പിരിക്കാന്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തുവെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. മുൻപ് മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നും ഉമ്മൻചാണ്ടി തന്നോട് കാണിച്ചത് വലിയ ദ്രോഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് 2013-ല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
സോളാർ കേസിലെ പ്രതിയെക്കൊണ്ട് ഉമ്മൻചണ്ടിക്കെതിരെ പറയിച്ചു എന്ന് ചാണ്ടി പറഞ്ഞതിനോട് തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങൾ ഓർമ്മ വന്നതെന്ന് പരിഹസിച്ച ഗണേഷ് കുമാർ, അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും കൂട്ടിച്ചേർത്തു. സി ബി ഐ തന്നോട് ചോദിച്ചതിന് നൽകിയ മൊഴി പൊതു സമൂഹത്തിൽ ഉണ്ട്. സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകുന്ന രീതിയിലാണ് താൻ സി ബി ഐക്ക് മൊഴി നൽകിയത്. എന്നാൽ ആ നന്ദി പോലും ഉമ്മൻ ചാണ്ടി തന്നോട് കാണിച്ചില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ എല്ലാം ഞാൻ വിളിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സോളർ കേസിൽ വിവാദമായ കത്ത് വിഷയത്തിൽ ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ, ഗണേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം വിമർശനം നടത്തിയിരുന്നു. ഗണേഷ് കുമാർ തൻ്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നും തന്നെ സ്നേഹിച്ചതു പോലെയാണ് ഗണേഷ് കുമാറിനെയും അപ്പൻ സ്നേഹിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. എന്നിട്ടും സോളർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംക്‌ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഗണേഷിനെതിരെ ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്. ഇതു ചർച്ചയായതിനെ തുടർന്നാണ് വിശദീകരണവുമായി ഗണേഷ്‌കുമാർ രംഗത്തെത്തിയത്.
ആദ്യഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്നാണ് ഗണേഷിന് മന്ത്രിസ്ഥാനം 2013 ൽ രാജിവയ്ക്കേണ്ടി വന്നത് എന്നായിരുന്നു അന്ന് വാർത്തകളിൽ. 16 വര്‍ഷമായി നിരന്തരമായി ഗണേഷ് പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. മന്ത്രി മന്ദിരത്തിലെത്തി ഗണേഷിനെ സന്ദര്‍ശകൻ മര്‍ദ്ദിച്ചെന്ന വെളിപ്പെടുത്തൽ അടക്കം ഉണ്ടായതും കേരളം കണ്ടു. ഗാര്‍ഹിക പീഡന പരാതി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വീകരിച്ചില്ലെന്ന പരാതിയും അന്ന് ഗണേഷിന്‍റെ ആദ്യഭാര്യ ഉന്നയിച്ചിരുന്നു. പക്ഷേ അതേ ഉമ്മൻ ചാണ്ടി ഇടപെട്ട് തന്‍റെ കുടുംബം തകര്‍ത്തതെന്ന ആരോപണമാണ് ഇപ്പോള്‍ ഗണേഷ് ഉന്നയിക്കുന്നത്. ഗണേഷ് രാജിവച്ച് മാസങ്ങള്‍ക്കുള്ളിലാണ് യു ഡി എഫിനെ സോളാര്‍ വിവാദം വരിഞ്ഞുമുറുക്കിയത്. ഇതടക്കം പരാമർശിച്ചായിരുന്നു ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം രംഗത്തുവന്നത്.



