ആലപ്പുഴ: ‘പൊരുതാം നമുക്ക് ലഹരിക്കെതിരെ’ എന്ന മുദ്രാവാക്യത്തിൽ ആലപ്പുഴ ഡിസിസി വോക് എഗൈൻസ്റ്റ് ഡ്രഗ്‌സ് എന്ന പേരിൽ വാക്കത്തോൺ നടത്തി. സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോൺ ആലപ്പുഴയിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേതൃത്വം കൊടുത്ത വാക്കത്തോണിൽ എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെ സി വേണുഗോപാൽ എംപി, ഷാനിമോൾ ഉസ്മാൻ, പി ചിത്തരഞ്ജൻ എംഎൽഎ തുടങ്ങി നിരവധി രാഷ്ട്രീയനേതാക്കളാണ് പങ്കെടുത്തത്. ആറേകാലോടെ ഫ്ലാഗ് ഓഫ് ചെയ്ത ജാഥയിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, കലാകാരൻമാർ തുടങ്ങി നിരവധി പേരാണ് പങ്കെടുത്തത്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ലഹരിവിരുദ്ധ ജാഥയ്ക്ക് പിന്തുണയുമായി സിപിഐഎം നേതാക്കൾ. ജാഥയ്ക്ക് പിന്തുണ നൽകിക്കൊണ്ടും ലഹരിക്കെതിരെ രാഷ്ട്രീയഭേദമന്യേ അണിനിരക്കാനും ആഹ്വാനം ചെയ്ത് മുൻ മന്ത്രി ജി സുധാകരനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഇരു നേതാക്കളും ആശംസകളുമായി രംഗത്തെത്തിയത്.
മയക്കുമരുന്നിനെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന സന്ദേശ പ്രചരണ ജാഥയ്ക്ക് അഭിനന്ദിച്ച ജി സുധാകരൻ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒരു പ്രചരണ പരിപാടിയാണ് ശ്രീ രമേശ് ചെന്നിത്തല നയിക്കുന്നതെന്നും കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകഴിഞ്ഞെന്നും ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നുമാണ് ജാഥയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ശിവൻകുട്ടി കുറിച്ചത്.