തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി അഞ്ച് ജനക്ഷേമ ഗ്യാരന്റികൾ ആണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ പുത്തരിക്കണ്ടം മൈതാനത്തിൽ നടന്ന സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പദ്ധതികൾ പ്രഖ്യാപിച്ചത്. ‘ഓരോ വീട്ടിലും ഇന്ദിരയുടെ കൈയ്യൊപ്പ്’ എന്ന പേരിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.
അഞ്ച് പ്രഖ്യാപനങ്ങൾ:
1. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളേജ് വിദ്യാർഥിനികൾക്ക് മാസം തോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.
2. ക്ഷേമ പെൻഷൻ 3,000 രൂപ ആയി ഉയർത്തും: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.
3. കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് : ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
4. യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്‌പ: സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുമായി യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ് നൽകും.
5. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്: കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.
മോദി സർക്കാരിനെയും പിണറായി സർക്കാരിനെയും സി പി എമ്മിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തിൽ സി പി എം- ബി ജെ പി കൂട്ടുകെട്ടാണെന്നും പറഞ്ഞു. ട്രംപ് മോദിയെ നിയന്ത്രിക്കുന്നതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദിയാണ് നിയന്ത്രിക്കുന്നത്. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇഡി അനങ്ങുന്നില്ല എന്ന ചോദ്യവും രാഹുൽ ഉയർത്തി. സി പി എം – ബി ജെ പി കൂട്ടുകെട്ടാണ്. സി പി എമ്മും ബി ജെ പിയും യു ഡി എഫിനെ തോൽപ്പിക്കാൻ കൈ കോർക്കുന്നു. കേരളത്തിൽ സി ജെ പിയാണുള്ളത്. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സർക്കാരിനുള്ളത്? തൊഴിലാളി താൽപ്പര്യം ഈ സർക്കാർ സംരക്ഷിക്കുന്നില്ല. സർക്കാരിന് കോർപറേറ്റ് സ്വഭാവമാണുള്ളതെന്നും കോർപറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് സി പി എം പേരു മാറ്റണമെന്നും സമാപന സമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു.
ജനങ്ങൾ പുതുയുഗ യാത്രയെ തങ്ങളുടേതാക്കി മാറ്റിയെന്നും യു ഡി എഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിന് ലഭിച്ച വൻ അംഗീകാരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. നൂറിലധികം സീറ്റുകൾ നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, തകർന്നടിഞ്ഞ കേരളത്തെ യു ഡി എഫ് കൈപിടിച്ചുയർത്തുമെന്നും വാഗ്ദാനം ചെയ്തു.


