വാഷിങ്ടൺ: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ് അസിം മുനീറെന്ന് അദ്ദേഹം മുനീറിനെ പരിഹസിച്ചു. യുദ്ധക്കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ പോലെയാണ് പാക്കിസ്ഥാൻ പെരുമാറുന്നതെന്ന് പറഞ്ഞ മൈക്കൽ റൂബിൻ, മുനീറിൻ്റെ സമീപകാല പരാമർശങ്ങൾ ഭീകര സംഘടനയായ ഐ.എസിനെ ഓർമിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. അമേരിക്കൻ മണ്ണിൽ വെച്ച് പാക്കിസ്ഥാൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ റൂബിൻ വ്യക്തമാക്കി.
അമേരിക്കയിലെത്തി ഇന്ത്യക്കെതിരെ ആണവ യുദ്ധ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് മൈക്കൽ റൂബിൻ അസിം മുനീറിനെ രൂക്ഷമായി വിമർശിച്ചത്. നാറ്റോയ്ക്ക് പുറത്തുള്ള അമേരിക്കയുടെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിൻ്റെ പ്രധാന സ്പോൺസറായി പ്രഖ്യാപിക്കണമെന്നും റൂബിൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ സ്വയം വിശദീകരിച്ച് ക്ഷമാപണം നടത്തുന്നതു വരെ ഒരു പാക് ഉദ്യോഗസ്ഥനും അമേരിക്കൻ വിസ നൽകരുത്. പാക് സൈനിക മേധാവിയുടെ പ്രസ്‌താവനയ്ക്കിടെ അവിടെ സന്നിഹിതരായിരുന്ന യു.എസ് ഉദ്യോഗസ്ഥർ പ്രതികരിക്കാതിരുന്നതിനെയും റൂബിൻ ചോദ്യം ചെയ്തു.
അസിം മുനീറിനെ ഉടൻ തന്നെ യോഗത്തിൽ നിന്നു പുറത്താക്കുകയും രാജ്യത്തുനിന്നു തന്നെ പുറത്താക്കുകയും ചെയ്യണമായിരുന്നു. പാക്കിസ്ഥാനുമായുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തുടർച്ചയായ ഇടപെടലിനെ ബാഹ്യ ഘടകങ്ങൾ സ്വാധീനിച്ചേക്കാമെന്നും ജോർജ് ഡബ്ല്യു ബുഷ് ഭരണകൂടം തുടങ്ങി വച്ച യു.എസ്-ഇന്ത്യ പങ്കാളിത്തത്തിൽ നിന്ന് പിന്മാറുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും മൈക്കൽ റൂബിൻ കുറ്റപ്പെടുത്തി.
ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പാക്കിസ്ഥാന് കഴിയുമോ എന്നതിനെക്കുറിച്ച് മുനീറിൻ്റെ പരാമർശങ്ങൾ പലരുടെയും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും റൂബിൻ കൂട്ടിച്ചേർത്തു. പാക്കിസ്ഥാന്റെ ആണവായുധ ശേഖരം സുരക്ഷിതമാക്കുന്നതിന് ഭാവിയിൽ ഒരു സൈനിക ഇടപെടലിനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവച്ചു.