കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു ഒടിങ്ക. ശ്രീധരീയവുമായി ദീർഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറ് ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടൻ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
ഒഡിങ്കയുടെ മൃതദേഹം ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റും. പോസ്റ്റ്മോർട്ടത്തിനുശേഷം എംബാം ചെയ്യുന്ന കാര്യങ്ങൾ അവിടെയാണു ചെയ്യുക. കെനിയയിൽനിന്നു പ്രത്യേക വിമാനം എത്തിച്ച് അതിലായിരിക്കും ഒഡിങ്കയുടെ മൃതദേഹം കൊണ്ടുപോവുക.
ശ്രീധരീയത്തിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അടക്കം ഇദ്ദേഹം കേരളത്തിൽ എത്തി നടത്തിയ ചികിത്സ പരാമർശിക്കപ്പെട്ടിരുന്നു. കെനിയൻ രാഷ്ട്രീയ നേതാവായ റെയ്‌ല ഒഡിങ്ക 2008 മുതൽ 2013 ലാണ് പ്രധാനമന്ത്രിയായത്. 1992 മുതൽ 2013 വരെ ലംഗാട്ട മണ്ഡലത്തിൽ നിന്നും പാർലമെൻ്റ് അംഗമായിരുന്നു. 2013 മുതൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.