കാൻബറ: അഞ്ച് ഇറാനിയൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്‌ട്രേലിയയിൽ തുടരാൻ ഫെഡറൽ സർക്കാർ അനുമതി നൽകി. ഏഷ്യൻ കപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ താരങ്ങൾ സുരക്ഷാ കാരണങ്ങളാൽ അഭയം തേടുകയായിരുന്നു. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇറാന്റെ ദേശീയഗാനം ആലപിക്കാൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയാൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് അവർ ഓസ്‌ട്രേലിയൻ സർക്കാരിന്റെ സഹായം തേടിയത്.
ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അവർക്ക് രാജ്യത്ത് തുടരാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അവർക്ക് ആവശ്യമായ വിസകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ടീം ക്യാപ്റ്റൻ സഹ്‌റ ഘൻബരി (Zahra Ghanbari), മിഡ്‌ഫീൽഡർമാരായ ഫാത്തിമ പസന്ദിദെ (Fatemeh Pasandideh), സഹ്‌റ സർബാലി (Zahra Sarbali), മോന ഹമൗദി (Mona Hamoudi), ഡിഫൻഡർ അത്തീഫെ റമസാനിസാദെ (Atefeh Ramazanzadeh) എന്നിവർക്കാണ് ഓസ്‌ട്രേലിയ മാനുഷിക പരിഗണനയോടെ വിസ അനുവദിച്ചത്.
ആഭ്യന്തര മന്ത്രി ടോണി ബർക്ക് ചൊവ്വാഴ്ച പുലർച്ചെ 1:30-ഓടെയാണ് ഇവരുടെ വിസ അപേക്ഷകളിൽ ഒപ്പിട്ടത്. ടീമിലെ മറ്റ് അംഗങ്ങൾക്കും ഓസ്‌ട്രേലിയയിൽ തുടരാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള അവസരം നൽകുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് അനുവദിച്ചിരിക്കുന്നത് ഹ്യുമാനിറ്റേറിയൻ വിസയാണ്. ഇത് ഇവർക്ക് ഓസ്‌ട്രേലിയയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അനുമതി നൽകുന്നതിനൊപ്പം ഭാവിയിൽ സ്ഥിരതാമസത്തിനുള്ള വഴിയൊരുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഈ അഞ്ച് താരങ്ങൾ ഇപ്പോൾ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന്റെ സുരക്ഷാ വലയത്തിലാണ്. അതേസമയം, കുടുംബാംഗങ്ങളുടെ സുരക്ഷയോർത്ത് ടീമിലെ മറ്റ് ചില അംഗങ്ങൾ ഇറാനിലേക്ക് മടങ്ങാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. താരങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആന്തണി ആൽബനീസിയെ ഫോണിൽ വിളിച്ചിരുന്നു. “ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിനെ അവരുടെ നാട്ടിലേക്കു തിരിച്ചയയ്ക്കുന്നത് ഭീകരമായ മാനുഷിക പിഴവാണ്. അവർ അവിടെ കൊല്ലപ്പെട്ടേക്കാം. മിസ്‌റ്റർ പ്രധാനമന്ത്രി – അങ്ങനെ ചെയ്യരുത്, അവർക്ക് അഭയം നൽകു . നിങ്ങൾ അഭയം നൽകുന്നില്ലെങ്കിൽ യുഎസ് അവർക്ക് അഭയമൊരുക്കും’ – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഓസ്ട്രേലിയ അഭയം നൽകിയില്ലെങ്കിൽ ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് യുഎസ് അഭയം നൽകുമെന്നായിരുന്നു ട്രംപിന്റെ നിലപാട്. കൂടാതെ പല ഇറാനിയൻ-ഓസ്‌ട്രേലിയൻ മനുഷ്യാവകാശ സംഘടനകളും താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇറാന്റെ ആക്രമണം തടയാൻ ഗൾഫ് രാജ്യങ്ങൾക്കു പ്രതിരോധ സംവിധാനങ്ങൾ നൽകാൻ ഓസ്ട്രേലിയ


