ചെന്നൈ: ഹൈഡ്രജന്‍ ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വെ. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍(ഐസിഎഫ്) രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ കോച്ച് വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ റെയില്‍വെ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച അറിയിച്ചു. പരീക്ഷണഓട്ടം വിജയകരമായിരുന്നു. ഒരു എൻജിൻ മാത്രമാണ് ശനിയാഴ്‌ച പരീക്ഷണഓട്ടം നടത്തിയത്. മറ്റൊരു എൻജിൻ അടുത്ത ആഴ്ച പരീക്ഷണഓട്ടം നടത്തും. തുടർന്ന് ഹൈഡ്രജൻ തീവണ്ടി ഓഗസ്റ്റ് അവസാനത്തോടെ റെയിൽവേയ്ക്ക് കൈമാറുമെന്ന് ഐസിഎഫ് അധികൃതർ പറഞ്ഞു.
ഐസിഎഫിൽ നിർമിച്ച 1200 എച്ച്പി തീവണ്ടിയുടെ മുന്നിലും പിറകിലുമായി ഒരോ എൻജിനുകളുണ്ടാകും. റെയിൽവേയും പരീക്ഷണഓട്ടം നടത്തിയശേഷം കമ്മിഷൻ ചെയ്യും. മുന്നിലും പിറകിലുമായി ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഒരോ എൻജിനുകളും നടുവിൽ യാത്രക്കാർക്ക് കയറാവുന്ന എട്ട് ഓർഡിനറി കോച്ചുകളുമാണുണ്ടാവുക. ഉത്തര റെയിൽവേയിൽ ജിന്ധ് -സോനാപ്പെട്ട് റൂട്ടിലാണ് ഹൈഡ്രജൻ തീവണ്ടി സർവീസ് നടത്തുകയെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ 1,200 എച്ച്പി ഹൈഡ്രജൻ ട്രെയിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് ഹൈഡ്രജൻ പവർ ട്രെയിൻ സാങ്കേതികവിദ്യയിൽ ഇന്ത്യയെ മുൻനിരയിൽ നിർത്തുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു.
First Hydrogen powered coach (Driving Power Car) successfully tested at ICF, Chennai.
India is developing 1,200 HP Hydrogen train. This will place India among the leaders in Hydrogen powered train technology. pic.twitter.com/2tDClkGBx0
— Ashwini Vaishnaw (@AshwiniVaishnaw) July 25, 2025