Saturday, April 4, 2026
Home » സമുദായത്തിന്റെ പേരിൽ വോട്ടു തേടിയെന്ന് പരാതി; ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
സമുദായത്തിന്റെ പേരിൽ വോട്ടു തേടിയെന്ന് പരാതി; ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സമുദായത്തിന്റെ പേരിൽ വോട്ടു തേടിയെന്ന് പരാതി; ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വിവാദ അനൗൺസ്മെന്റിൽ ടി.പി രാമകൃഷ്ണന് നോട്ടീസ് നൽകിയിരുന്നു.

by Editor
Send your news and Advertisements

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ പരാതി. സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇക്കാര്യത്തില്‍ വിശദീകരണം തേടി പേരാമ്പ്ര മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി ഫാത്തിമ തെഹ്‌ലിയയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നല്‍കി. മൂന്ന് വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടാണ് തെഹ്ലിയക്ക് നോട്ടീസ് ഇഷ്യൂ ചെയ്തതെന്ന് ആർ ഒ വ്യക്തമാക്കി.

മണ്ഡലത്തിൽ എൽ ഡി എഫ് പ്രവർത്തകർക്കെതിരായ വർഗീയ അനൗൺസ്‌മെന്റ് വിവാദം പുകയുന്നതിനിടെയാണ് യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെയും സമാനമായ പരാതി രേഖമൂലം റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കുമെന്നാണ് വിവരം.

പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനിടെ നടത്തിയ വിവാദ അനൗൺസ്മെന്റിൽ ടി.പി രാമകൃഷ്ണന് നോട്ടീസ് നൽകിയിരുന്നു. അനൗൺസ്മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ യുഡിഎഫ് പരാതി നല്‍കിയിരുന്നു. ഫാത്തിമ തെഹ്‌ലിയക്കെതിരെ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എല്‍ഡിഎഫിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി നല്‍കിയത്. ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തപ്പെട്ട സിപിഐഎം നേതാക്കളുടെ അറിവോടെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍ഡിഎഫ് വര്‍ഗീയ അനൗണ്‍സ്‌മെന്റ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സിപിഐഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പൊലീസ് കേസ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സിപിഐഎമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണമെന്നും മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സിപിഐഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കുറിച്ചു.

Kerala Assembly Election 2026 Candidates >>

You may also like

error: Content is protected !!