ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തയാഴ്ച റഷ്യ സന്ദർശിക്കും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി എസ് ജയശങ്കർ ചർച്ച നടത്തും. അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി ദിവസങ്ങൾക്കകമാണ് സന്ദർശനം. ഓഗസ്റ്റ് 20-21 തീയതികളിൽ ആയാണ് മോസ്കോ സന്ദർശനം. വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ജയശങ്കർ റഷ്യ സന്ദർശിക്കുന്നത്.
യുഎസിന്റെ ആവർത്തിച്ചുള്ള സമ്മർദ്ദം ഇന്ത്യ- റഷ്യ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കറിൻ്റെ റഷ്യ സന്ദർശനം. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. റഷ്യയിൽ നിന്ന് ഇന്ത്യ തുടർച്ചയായി എണ്ണ വാങ്ങുന്നതിൻ്റെ പ്രതികാര നടപടിയായി യുഎസ് ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ സന്ദർശനം. പുടിന്റ ഇന്ത്യ സന്ദർശനവും ഈ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോ വലിന്റ സന്ദർശനത്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയും റഷ്യയിലേക്ക് പോകുന്നത്.
തീരുവ വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യൻ പ്രസിഡന്റ്റ് വ്ളാഡിമർ പുടിൻ ഫോണിൽ സംസാരിച്ചിരുന്നു. തീരുവ വർദ്ധിപ്പിച്ചതിനെ കുറിച്ചും ഒപ്പം യുക്രെയിൻ- റഷ്യ സംഘർഷങ്ങളുടെ നിലവിലെ സാഹചര്യത്തെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്‌തിരുന്നു. ദേശതാത്പര്യങ്ങൾക്ക് അനുസരിച്ചായിരിക്കും ഇന്ത്യ എന്നും നിൽക്കുന്നതെന്നും പ്രധാനമന്ത്രി പ്രസ്ഥാവിച്ചിരുന്നു.