കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം. വീട്ടില്‍ താമസിക്കുന്ന ആളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അധികമൊന്നും അറിയില്ല. വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം തകര്‍ന്ന നിലയിലാണ്. വീടിന്റെ ഒരു ചെറിയ ഭാഗം ഒഴികെ മറ്റെല്ലാം തകര്‍ന്നു. ഓടിട്ട വീടാണ്. ബോംബ് പോലുള്ള വലിയ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും അതാണ് വീട് ഇങ്ങനെ തകര്‍ന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കണ്ണപുരത്തെ വീട്ടിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കമെന്നാണ് പൊലീസ് നിഗമനം. പൊട്ടാതെ കിടന്ന വലിയ ഗുണ്ടുകൾ വീടിന്റെ പരിസരത്തു നിന്നു കണ്ടെത്തി. വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അനൂപിൻ്റെ ബന്ധു ചാലാട് സ്വദേശി മുഹമ്മദ് അഹ്‌സം ആണ് മരിച്ചത്. ഒരാൾക്കു പരുക്കേറ്റു. അനൂപ് മുൻപും സ്ഫോടനക്കേസിൽ പ്രതിയായിരുന്നു. 2016-ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്.
ഇന്നു പുലർച്ചെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയതെന്നു പ്രദേശവാസികൾ പറഞ്ഞു. വാടക വീട്ടിൽ രാത്രി മാത്രമാണ് താമസക്കാർ വരുന്നത്. എപ്പോഴാണ് വരുന്നതെന്നോ പോകുന്നതെന്നോ വ്യക്തമല്ലെന്നും, താമസക്കാരെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു.