ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക തയാറാക്കിയത് രാഷ്ട്രീയ പാർട്ടികൾ കൂടി ഉൾപ്പെട്ട സംവിധാനമാണ്. ശരിയായ സമയത്ത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ, ബന്ധപ്പെട്ട തെറ്റുകൾ തിരുത്താൻ കഴിയുമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ പിശകുകൾ ചൂണ്ടിക്കാണിക്കാനും അവകാശവാദങ്ങൾ ഉന്നയിക്കാനും നിശ്ചിതമായ സമയപരിധി നൽകാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തിയുള്ള സുതാര്യവും ബഹുതലവുമായ പ്രക്രിയയാണ് വോട്ടർപട്ടിക തയ്യാറാക്കൽ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ നിശ്ചിത സമയത്ത് ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് (ഇആർഒ) അവ പരിശോധിച്ച് തിരുത്താമായിരുന്നുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നിരവധി രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരും ഉചിതമായ സമയത്ത് കരട് റോളുകൾ അവലോകനം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും എതിർപ്പുകൾ ഉന്നയിച്ചില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കരട് വോട്ടർ പട്ടിക, ഡിജിറ്റൽ, അച്ചടി ഫോർമാറ്റുകളിൽ പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പങ്കിടുകയും ചെയ്യുന്നുവെന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിനായി ഇസിഐ വെബ്‌സൈറ്റിലും കരട് പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ആണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാത്താസമ്മേളനം നടത്തുന്നത്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേതൃത്വത്തിൽ ഇന്ന് ബീഹാറിൽ നിന്ന് ‘വോട്ടർ അധികാർ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.