Thursday, October 16, 2025
Mantis Partners Sydney
Home » 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി; കേരളത്തിൽ നിന്ന് 7 പാർട്ടികൾ
തിരഞ്ഞെടുപ്പ് കമ്മീഷൻ

334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി; കേരളത്തിൽ നിന്ന് 7 പാർട്ടികൾ

by Editor

ന്യൂഡൽഹി: രജിസ്ട്രേഷൻ നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് അംഗീകാരം നഷ്ടപ്പെട്ട 334 രാഷ്ട്രീയ പാർട്ടികളെ (അൺ റെക്കനൈസ്‌ഡ് പാർട്ടി) പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 2019 മുതൽ തുടർച്ചയായി ആറ് വർഷം ഒരു തിരഞ്ഞെടുപ്പിൽ പോലും ഈ പാർട്ടികൾ മൽസരിച്ചിട്ടില്ലെന്നും ഒഴിവാക്കിയ പാർട്ടികളുടെ ആസ്ഥാനത്തിന് മേൽവിലാസവുമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

സംസ്ഥാനത്ത് നിന്ന് ഏഴ് പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി, സെക്യുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, നേതാജി ആദർശ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി സെക്യുലർ, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്നിവയാണ് അവ.

രജിസ്റ്റർ ചെയ്ത 2854 പാർട്ടികളിൽ നിന്ന് 334 പാർട്ടികളെ ഒഴിവാക്കിയതോടെ രാജ്യത്തെ രജിസ്ട്രേഡ് രാഷ്ട്രീയ പാർട്ടികളുടെ എണ്ണം 2520 ആയി. ഇവയ്ക്ക് പുറമെ ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളും രാജ്യത്തുണ്ട്. ബിജെപി, കോൺഗ്രസ്, സിപിഎം, ബിഎസ്‌പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ പാർട്ടികൾ. കേരള കോൺഗ്രസ്, കേരള കോൺഗ്രസ് എം, മുസ്ലീലീഗ്, സിപിഐ തുടങ്ങിയ പാർട്ടികൾ സംസ്ഥാന പാർട്ടികളുടെ പട്ടികയിലാണ്.

തിരഞ്ഞെടുപ്പ് രംഗം സുതാര്യമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. രജിസ്ട്രേഷൻ റദ്ദാക്കിയതോടെ ഈ പാർട്ടികളെ ഇനി രാഷ്ട്രീയ പാർട്ടികളായി കാണക്കാക്കില്ല. ഒഴിവാക്കിയ പാർട്ടികൾക്ക് ലഭിച്ചിരുന്ന ആദായ നികുതി ഇളവ് അടക്കമുള്ള ആനൂകൂല്യവും ലഭിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!