Saturday, April 4, 2026
Home » അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം.
അഫ്ഗാനിസ്ഥാനിൽ ഭൂചലനം;

അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം.

by Editor
Send your news and Advertisements

ന്യൂ ഡൽഹി: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഈ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിലും ഹിന്ദുക്കുഷ് മേഖലയിലുമാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

റിക്ടർ സ്കെയിലിൽ 5.9 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയാണ് ഉണ്ടായത്. ഇന്ത്യയിൽ രാത്രി 9:42-ഓടെയാണ് ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഒരു വീട് തകർന്ന് ഒരേ കുടുംബത്തിലെ എട്ടുപേർ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡൽഹി-എൻസിആർ (Delhi-NCR), പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ജനങ്ങൾ ഭീതിയോടെ വീടിന് പുറത്തിറങ്ങിയോടി.

കഴിഞ്ഞ ഫെബ്രുവരിയിലും അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലും നവംബറിലും ഉണ്ടായ ഭൂചലനത്തിൽ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. നവംബർ 3-നു മസർ-ഇ-ഷെരീഫിന് (Mazar-i-Sharif) സമീപം റിക്ടർ സ്കെയിലിൽ 6.3 തീവ്രതയുള്ള ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ഇതിൽ 10 പേർ മരിക്കുകയും 260-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബർ 1-നു റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു അന്ന് 250-ലതികം പേരാണ് മരണമടഞ്ഞത്.

You may also like

error: Content is protected !!