കോഴിക്കോട്: അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വടകര സ്വദേശി ഷിംജിത മുസ്‌തഫയെ 14 ദിവസത്തേക്ക് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ദീപകിന്‍റെ കുടുംബത്തിന്‍റെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്‌റ്റഡിയിലെടുത്തത്. അന്വേഷണസംഘത്തിൽ ഉണ്ടായിരുന്ന വനിതാ പൊലീസുകാർ ഉൾപ്പെടുന്ന സംഘം മഫ്തിയിൽ സ്വകാര്യവാഹനത്തിൽ എത്തിയാണ് ഷിംജിതയെ പിടികൂടിയത്. തുടർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഷിംജിതയ്ക്കെതിരെ പൊലീസ് തിങ്കളാഴ്ച വൈകിട്ട് എഫ്ഐആർ റജിസ്‌റ്റർ ചെയ്തിരുന്നു. ചൊവ്വാഴ്‌ച ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കി. ഇതിനിടെ മുൻകൂർ ജാമ്യം തേടി ഷിംജിത കോടതിയെയും സമീപിച്ചു. ഈ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി വ്യാഴാഴ്ച്‌ച പരിഗണിക്കാനിരിക്കെയാണ് അറസ്‌റ്റ്.
മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ദീപക്കിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; യുവതിക്കെതിരെ വ്യാപക വിമര്‍ശനം.



