ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 321 പേര്‍ മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, പർവതപ്രദേശങ്ങളായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്, 307 പേർ. പാക്കിസ്ഥാൻ അധീനതയിലുള്ള കശ്മീരിൽ ഒമ്പത് പേർ കൊല്ലപ്പെട്ടപ്പോൾ വടക്കൻ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
മണ്ണിലും ചെളിയിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്നും രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു. ബജൗറില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഭക്ഷണവുമായി എത്തിയ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. മന്‍സെഹ്ര ജില്ലയില്‍ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന 2000-ത്തോളം വിനോദസഞ്ചാരികളെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷപ്പെടുത്തി. മിന്നൽ പ്രളയത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഒറ്റപ്പെട്ട ഇടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്.