Mantis Partners Sydney
Monday, March 9, 2026
Mantis Partners Sydney
Home » സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം
സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

by Editor
Send your news and Advertisements

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഒപ്പമുണ്ടായിരുന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് ‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’, എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് ഇടത് സൈബർ ഹാൻഡിലുകളെ ചൊടിപ്പിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കുനടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ രാത്രിയോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മമ്മൂട്ടിയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ ചർച്ചയായി. പാർട്ടി ജില്ലാ സെക്രട്ടറിയ്ക്ക് മുകളിലല്ല മഹാനടനെന്നും സിനിമയിൽ മാത്രമാണ് മമ്മൂട്ടി ഹീറോയെന്നും ജില്ലാ സെക്രട്ടറി അതിലും മുകളിലാണെന്നും അടക്കമുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് യുഡിഎഫ് ആയുധമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശം ഉയർത്തിക്കാട്ടിയാണ് യുഡിഎഫിന്റെ വിമർശനം. മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം ക്രൂരമാണെന്ന് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചപ്പോൾ, സിപിഐഎം ജില്ലാ സെക്രട്ടറിമാർ അനാവശ്യമായി എവിടെയും ഇടിച്ചു കയറുന്നവരല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. മമ്മൂട്ടിയെ ആരും വയനാട് ടൗൺഷിപ്പ് കാണാൻ ക്ഷണിച്ചതല്ല. സ്വമേധയാ തോന്നി വന്നതാണ്. അദ്ദേഹത്തിന്റെ പിന്നാലെ കൂടിയത് കൊണ്ടാണ് പൊതുപ്രവർത്തകന് ശകാരമേൽക്കേണ്ടിവന്നത്. സൈബർ ആക്രമണം അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം നിർദ്ദേശം നൽകണമെന്നും ദീപ്തി മേരി വർ​ഗീസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ദീപ്തി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഈ സന്ദർശനം തികച്ചും സ്വകാര്യമായിരിക്കണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചിരുന്നുവെന്നും മാധ്യമങ്ങളെപ്പോലും അറിയിക്കാതെയാണ് അദ്ദേഹം എത്തിയതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ടൗൺഷിപ്പിലേക്ക് വരാൻ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കൾ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം.

‘ഇത് ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസ്സാണിത്, കേരളത്തിലെ ജനങ്ങളിൽനിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. കേരളത്തിന്റെ സമൂഹ്യമൂലധനമാണ് ഈ കാണുന്നത്’ സന്ദർശനവേളയിൽ മമ്മൂട്ടി പറഞ്ഞു. മറ്റുള്ളവരോട് അനുതാപവും സഹതാവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്ന് മമ്മൂട്ടി സന്ദർശന വേളയിൽ പറഞ്ഞിരുന്നു.

You may also like

error: Content is protected !!