Monday, September 1, 2025
Mantis Partners Sydney
Home » ഇന്ത്യ – ചൈന ചർച്ചകളെ സ്വാഗതം ചെയ്ത് സി പി എം ജനറൽ സെക്രട്ടറി; വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഇന്ത്യ - ചൈന ചർച്ചകളെ സ്വാഗതം ചെയ്ത് സി പി എം ജനറൽ സെക്രട്ടറി; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഇന്ത്യ – ചൈന ചർച്ചകളെ സ്വാഗതം ചെയ്ത് സി പി എം ജനറൽ സെക്രട്ടറി; വിമര്‍ശനവുമായി കോണ്‍ഗ്രസ്

by Editor

ന്യൂ ഡൽഹി: ഇന്ത്യ – ചൈന ചർച്ചകളെ സ്വാഗതം ചെയ്ത് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകത്തിന് ഗുണകരമാണെന്ന് സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നിന്ന് വരുന്നത് നല്ല വാർത്തകളാണെന്നും ഇത് സന്തോഷകരമാണെന്നും ബേബി അഭിപ്രായപ്പെട്ടു. ഇന്ത്യ – ചൈന ബന്ധം ശക്തിപ്പെടുത്തുന്നത് ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമാകുമെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് പ്രധാനമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ജയറാം രമേശ് ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ നിശബ്ദമായി. സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍ എന്ന് ജയറാം രമേശ് ചോദിച്ചു. യാര്‍ലുങ് സാങ്പോയില്‍ ചൈനയുടെ ജലവൈദ്യുത പദ്ധതി വടക്കുകിഴക്കന്‍ മേഖലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു പറഞ്ഞ ജയറാം രമേശ് ഈ വിഷയത്തില്‍ മോദി സര്‍ക്കാര്‍ ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല എന്നും ആരോപിച്ചു.

ഇന്ത്യ – ചൈന ബന്ധം ശുഭകരമായ ദിശയില്‍ ആണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദം പ്രധാനമെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും വ്യക്തമാക്കി. യുഎസ് തീരുവ ഭീഷണിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്ങും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുന്‍പായി ടിയാന്‍ജിനില്‍ വച്ചാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ അതിർത്തി പ്രശ്‌നങ്ങൾ സംബന്ധിച്ച് പ്രത്യേക ചർച്ചകൾ നടന്നു. മാനസസരോവർ യാത്ര പുനരാരംഭിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാനസർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ചും ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ പ്രധാനമന്ത്രി ഷി ജിൻപിംങുമായി സംസാരിച്ചു. ചൈനയുമായുള്ള അതിർത്തി പ്രശ്‌നത്തിൽ ധാരണ ആയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പ്രവർത്തനപരമായ പ്രശ്നങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. 2026-ല്‍ ഇന്ത്യയില്‍ വച്ചുനടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിന്‍പിങിനെ ക്ഷണിച്ചിട്ടുണ്ട്.

അമേരിക്കയുടെ അധിക തീരുവ മറികടക്കാൻ മറ്റു രാജ്യങ്ങളുമായി കൂടുതൽ വ്യാപാര ബന്ധങ്ങൾക്ക് തുടക്കമിടുകയാണ് ഇന്ത്യ. ഗാൽവൻമേഖലയിലെ സംഘർഷം, ബ്രഹ്മപുത്ര നദീജല തർക്കം, അതിർത്തിഗ്രാമങ്ങളുടെ മേലേയുള്ള ചൈനയുടെ അവകാശതർക്കം എന്നിവയെല്ലാം മാറ്റിവച്ചാണ് പുതിയ സൗഹൃദത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. ഏഴ് വർഷത്തിനുശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.

ഏഴ് വർഷത്തിന് ശേഷം മോദി ചൈനയിൽ; ടിയാൻജിനിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം.

Send your news and Advertisements

You may also like

error: Content is protected !!