ന്യൂ ഡൽഹി: സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി.പി.രാധാകൃഷ്‌ണൻ.
1957 ഒക്ടോബർ 20ന് തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണന്, ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദമുണ്ട്. ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1974-ൽ ജനസംഘത്തിൻ്റെ സംസ്‌ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. 1996-ൽ തമിഴ്‌നാട് ബിജെപിയുടെ സെക്രട്ടറിയായി നിയമിതനായി. 1998-ൽ കോയമ്പത്തൂരിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1999-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി അദ്ദേഹം യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു. തായ്‌വാനിലേക്കുള്ള ആദ്യത്തെ ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിലും അംഗമായിരുന്നു. 2004 മുതൽ 2007 വരെ, ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റായിരുന്നു രാധാകൃഷ്ണൻ.
മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു സി.പി.രാധാകൃഷ്ണൻ. ആദ്യ മോദി മന്ത്രിസഭയുടെ സമയത്ത് കൊച്ചി ആസ്ഥാനമായ കയർ ബോർഡിന്റെ ചെയർമാനായിരുന്നു. ഇന്ത്യയുടെ കയർ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2,532 കോടി രൂപയിലെത്തിയത് രാധാകൃഷ്ണൻ ചെയർമാനായിരുന്ന സമയത്താണ്. 2020 മുതൽ രണ്ടു വർഷം കേരള ബിജെപിയുടെ ചുമതലയും (പ്രഭാരി) വഹിച്ചിട്ടുണ്ട്.
ആർഎസ്എസ് താല്പര്യം കൂടി മുൻനിർത്തിയാണ് പാർട്ടി തീരുമാനം എന്നാണ് വിവരം. ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയായതിനാൽ സാമൂഹിക രാഷ്ട്രീയ സാമുദായിക സമവാക്യം കൂടി ഉറപ്പുവരുത്തിയാണ് ബിജെപിയുടെ പ്രഖ്യാപനം. സി പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വരാനിരിക്കുന്ന തമിഴ്നാട് കേരള തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കൊണ്ടാണ്. വിവാദങ്ങളിൽ പെടാത്ത പാർലമെന്ററി പരിചയവും രാഷ്ട്രീയ പരിചയവും ഏറെയുള്ള വ്യക്തി കൂടിയാണ് സി പി രാധാകൃഷ്ണൻ. ചൊവ്വാഴ്ച ചേരുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർഥി തീരുമാനം അറിയിക്കും. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കി കൊണ്ടായിരിക്കും നാമനിർദ്ദേശപത്രിക നൽകുക.