കണ്ണൂർ: കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് സംഭവം. മന്ത്രി എ.കെ.ശശീന്ദ്രൻ്റെ സഹോദരിയുടെ മകളാണു ശ്രീലേഖ. ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയ ഡ്രൈവർ സരോഷ് കോളിങ് ബെൽ അടിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾക്കൊപ്പം വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾക്കടുത്തുനിന്ന് ചുറ്റികയും മറ്റൊരു ഭാരമുള്ള വസ്തുവും കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ശ്രീലേഖയുടെ തലയ്ക്ക് പിറകിൽ പൊട്ടുള്ളതായി കണ്ടെത്തി. ഇത് അടിയേറ്റ് വീണതാവാം എന്നാണ് പൊലീസ് കരുതുന്നത്. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജിൻ്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. വീട്ടിൽ പൊലീസ് പരിശോധന ഇന്നു പുലർച്ചെ വരെ നീണ്ടു. പുലർച്ചെയോടെയാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
ഇന്നലെയാണ് ഇവരുടെ മകൻ ഷിബിൻ വിദേശത്തുനിന്നു നാട്ടിലെത്തിയത്. ഷിബിനെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാൻ എത്തിയതാണ് സരോഷ്. ഓസ്ട്രേലിയയിലുള്ള പ്രബിത്താണ് മറ്റൊരു മകൻ. മക്കൾ വിദേശത്തായതിനാൽ ഇരുവരും മാത്രമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. ഇന്നലെ പകൽ മുഴുവൻ ഇവരെ വീടിനു പുറത്തു കണ്ടിരുന്നില്ലെന്നു പരിസരവാസികൾ പറയുന്നു. നേരത്തേ, കണ്ണൂരിലെ സാവോയ് ഹോട്ടലിൽ മാനേജരായിരുന്നു പ്രേമരാജൻ.