മെൽബൺ: മെൽബൺ സീറോ മലബാർ വിശ്വാസികൾക്ക് സ്വന്തമായി ഒരു ഇടവക ദേവാലയം കൂടി. മെൽബൺ സൗത്ത് ഈസ്റ്റിൽ നിർമിച്ച വിശുദ്ധ തോമാസ്ലീഹായുടെ നാമദേയത്തിലുള്ള ഇടവക ദേവാലയത്തിന്റെ കൂദാശ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. കൂദാശകർമത്തിനും ദിവ്യബലിക്കും മേജർ ആർച്ച് ബിഷപ്പ് മുഖ്യകാർമികനായി. മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപത പ്രഥമ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ എന്നിവർ സഹകാർമ്മികരായി.
ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോ മലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എം.പിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ 2,000 ഓളം പേർ കൂദാശകർമ്മത്തിൽ പങ്കെടുത്തു.
രാവിലെ ഒമ്പത് മണിക്ക് ദേവാലയ അങ്കണത്തിലെത്തിയ മാർ റാഫേൽ തട്ടിലിനെ രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോൺ. ഫ്രാൻസിസ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ കൈക്കാരന്മാരും ഇടവക സമൂഹവും ചേർന്ന് സ്വീകരിച്ചു. ദേവാലയ കൂദാശയുടെ ശിലാഫലകം അദ്ദേഹം അനാച്ഛേദനം ചെയ്‌തു. തിരുക്കർമ്മങ്ങൾക്ക് ശേഷം ദേവാലയ കൂദാശയോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന സുവനീയറിന്റെയും തീം സോങ്ങിന്റെയും പ്രകാശന കർമവും നടന്നു.
മെൽബൺ സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, ആയിരത്തിയൊരുന്നൂറോളം കുടുംബങ്ങളുള്ള മെൽബൺ സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിൻ്റെ കഴിഞ്ഞ ദീർഘനാളത്തെ പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും സാമ്പത്തിക സഹകരണത്തിൻ്റെയും ഫലമാണ് പുതിയ ദേവാലയം. 2013 ഡിസംബർ 23 -നാണ് ഫ്രാൻസിസ് മാർപാപ്പ മെൽബൺ ആസ്ഥാനമായി ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോ മലബാർ രൂപതയായി മെൽബൺ രൂപത പ്രഖ്യാപിച്ചത്. മെൽബൺ സീറോ മലബാർ രൂപതയിൽ പണി പൂർത്തീകരിച്ച ഏഴാമത്തെ ദേവാലയമാണ് മെൽബൺ സൗത്ത് ഈസ്റ്റ് സെൻ്റ് തോമസ് ഇടവക ദേവാലയം.



