ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് നയ രൂപീകരണ സമിതിയുടെ തീരുമാനം. എംപിമാർ മത്സരിക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇളവു നല്‍കുന്നതില്‍ ഉള്‍പ്പെടെ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനം എടുക്കുക. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി.
തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. തർക്കമില്ലാതെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുന്നതിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. സ്ഥാനാർഥികളുടെ പേരും മാനദണ്ഡവും ഇന്ന് യോഗത്തിൽ ചർച്ചയായില്ല. വിജയ സാധ്യത മാത്രമാകും തിരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. സാമുദായിക സന്തുലിതാവസ്ഥ പാലിക്കും. മൂന്ന് സർവേ റിപ്പോർട്ടുകളുണ്ട്. അതും കണക്കിലെടുക്കും. പരസ്പര സമ്മതമില്ലാതെ ഒരു ഘടക കക്ഷികളുടെയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു.
അടുത്ത മാസം രണ്ടിനകം ഘടക കക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കും. സ്ഥാനാർത്ഥി നിർണയത്തിന് കെപിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾക്ക് ഇവരോട് അഭിപ്രായം അറിയിക്കാമെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. സിറ്റിങ് സീറ്റുകളിലും സംവരണ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും ഉള്‍പ്പെടെ 37 പേരാണ് തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്ളത്.
അതേസമയം യോഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല. പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ യോഗത്തിന് എത്താതിരുന്നത് ചര്‍ച്ചയായി. ബുധനാഴ്‌ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും തരൂർ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. വിദേശത്തായതിനാല്‍ യോഗത്തിന് എത്തില്ലെന്ന് തരൂര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.



