ന്യൂ ഡൽഹി: നരേന്ദ്രമോദി സ്തുതി നിരന്തരം നടത്തുന്ന ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തരൂരിനെ ‘ഹിപ്പോക്രാറ്റ്’ എന്ന് വിളിച്ച സന്ദീപ്, എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്നും ആരാഞ്ഞു. തരൂരിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നും സന്ദീപ് പറഞ്ഞു. ബിജെപിയാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനാണ് സന്ദീപ് ദീക്ഷിത്.
“രാജ്യത്തെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾക്ക് കോൺഗ്രസിൻ്റെ നയങ്ങൾക്കെതിരേ നിൽക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കിൽ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോ?’ ദീക്ഷിത് ചോദിച്ചു. ബിജെപിയുടെയോ മോദിയുടെയോ തന്ത്രങ്ങൾ നിങ്ങൾ പ്രവർത്തിക്കുന്ന പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾ ഒരു വിശദീകരണം നൽകണം. അത് നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങളൊരു കാപട്യക്കാരനാണെന്നും സന്ദീപ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും ശശി തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രശംസിക്കത്തക്കതായി ഒന്നും താന്‍ കണ്ടില്ലെന്നും ശശി തരൂര്‍ എങ്ങനെ അങ്ങിനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു സുപ്രിയയുടെ വാക്കുകള്‍.
രാംനാഥ് ഗോയങ്ക അനുസ്‌മരണ ചടങ്ങിൽ മോദിയുടെ പ്രസംഗത്തെയാണ് തരൂർ പുകഴ്ത്തിയത്. ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങിൽ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വ്യഗ്രതയേക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് തരൂർ തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചു. ഈ കുറിപ്പാണ് വിവാദമായത്.



