ന്യൂഡൽഹി: ന്യൂഡൽഹി: ജിഎസ്‍ടിയിൽ സമഗ്ര മാറ്റം വരുത്തി ജിഎസ്‌ടി കൗൺസിൽ. ജിഎസ്‌ടി നിരക്കിലെ ഇളവുകൾക്ക് അംഗീകാരം നൽകികൊണ്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം. ജിഎസ്‌ടി കൗൺസിൽ യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ജിഎസ്‌ടി കുറയ്‌ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് പാലിച്ചുവെന്ന് നിർമലാ സീതാരമൻ പറഞ്ഞു. ജീവിതചെലവ് കുറയ്‌ക്കുന്ന സുപ്രധാന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
നാല് സ്ലാബുകളിലായി ഉണ്ടായിരുന്ന ജിഎസ്‌ടി ഇപ്പോൾ രണ്ട് സ്ലാബുകളിലായി ചുരുക്കാനുള്ള തീരുമാനമാണിത്. അഞ്ച് ശതമാനവും 18 ശതമാനവുമുള്ള രണ്ട് സ്ലാബുകളാണ് ഇനി ഉണ്ടായിരിക്കുക. 12 ശതമാനം, 28 ശതമാനം നിരക്കുകൾ ഒഴിവാക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ നിലവിൽ വരും.
പുതിയ നിരക്കുകൾ കർഷകർക്ക് ഗുണകരമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 175 ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകും. പാൽ, പനീർ, ബ്രഡ് എന്നിവയ്ക്ക് ഇനി ജിഎസ്‌ടി ഉണ്ടായിരിക്കില്ല. ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവയ്ക്ക് വില കുറയും. 32 ഇഞ്ച് വരെയുള്ള ടിവികൾക്ക് 18 ശതമാനം ആയിരിക്കും ജിഎസ്‌ടി.
ട്രാക്‌ടറുകൾ, കൃഷിയാവശ്യത്തിനുള്ള യന്ത്രങ്ങൾ തുടങ്ങിയവയുടെ നികുതി അഞ്ച് ശതമാനമാകും. 33 ജീവൻരക്ഷാ മരുന്നുകൾക്ക് നികുതിയില്ല. സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, ശീതള പാനീയങ്ങൾ തുടങ്ങിയവയുടെ നികുതി 40 ശതമാനമായിരിക്കും. കാൻസർ മരുന്നുകൾക്ക് നികുതി കുറയും.
അഞ്ച് ശതമാനം നികുതി:
നിത്യോപയോഗ സാധനങ്ങൾ, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകൾ എന്നിവ ഈ സ്ലാബിൽ വരും.
പതിനെട്ട് ശതമാനം നികുതി:
ടിവി, സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ഓട്ടോ പാർട്‌സ്, മൂന്ന് ചക്ര വാഹനങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവയ്ക്ക് 18 ശതമാനം നികുതിയായിരിക്കും. 350 സിസിയിൽ താഴെയുള്ള ചെറിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നികുതി 28 ൽ നിന്ന് 18 ശതമാനമായി കുറയും.
40 ശതമാനം നികുതി:
ആഡംബര കാറുകൾ, സ്വകാര്യ വിമാനങ്ങൾ, വലിയ കാറുകൾ, എന്നിവയ്ക്ക് 40 ശതമാനം ജിഎസ്‌ടി ചുമത്തും.