Wednesday, August 6, 2025
Mantis Partners Sydney
Home » മേഘ വിസ്ഫോടനം: ഉത്തരകാശിയിൽ 4 മരണം, അറുപതിലധികം പേരെ കാണാതായി.
മേഘ വിസ്ഫോടനം: ഉത്തരകാശിയിൽ 4 മരണം, അറുപതിലധികം പേരെ കാണാതായി.

മേഘ വിസ്ഫോടനം: ഉത്തരകാശിയിൽ 4 മരണം, അറുപതിലധികം പേരെ കാണാതായി.

by Editor

ഡെറാഡൂൺ: മേഘ വിസ്ഫോടനത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചു പോയി. അറുപതിലധികം പേരെ കാണാതായതാണ് പ്രഥമിക വിവരം. മണ്ണും കല്ലുമായി മലവെള്ളം കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചു നീക്കി പോകുന്ന ഭീതിജനകമായ ദൃശ്യങ്ങൾ പുറത്തു വന്നു. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. 7 കിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക ക്യാംപ് തകർന്ന് 8 സൈനികരെ കാണാതായെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. തുടർച്ചയായി പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ട്.

മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഗംഗോത്രി തീർഥാടനപാതയിലെ പ്രധാന ഗ്രാമമായ ധരാലിയെ പൂർണമായും തകർത്തു. 4 മരണം സ്ഥിരീകരിച്ചു. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി.

സുക്കി മേഖലയിലും മേഘവിസ്ഫോടനമുണ്ടായി. മണ്ണും കെട്ടിടാവശിഷ്‌ടങ്ങളും അടിഞ്ഞു കൂടിയിരിക്കുന്നതിനാൽ ഇവയ്ക്കടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. ഹർസിൽ മേഖലയിലെ ഖീർഗംഗാ നദിയുടെ വൃഷ്‌ടി പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യൻ സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങൾ രക്ഷാ പ്രവർത്തനം തുടരുകയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികൾ കര കവിഞ്ഞൊഴുകി. കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്‌ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ. നൈനിറ്റാൽ-ഹൽദ്വാനി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അടുത്ത നാലു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Send your news and Advertisements

You may also like

error: Content is protected !!