ഗാസ: ഇസ്രയേൽ സൈന്യം പിൻമാറിയതിന് പിന്നാലെ ഗാസയിൽ ആഭ്യന്തര സംഘർഷം. ഹമാസ് സുരക്ഷാ സേനയും ആയുധധാരികളായ ഗോത്ര അംഗങ്ങളും തമ്മിൽ ഗാസ സിറ്റിയിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ദുഗ്മുഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവെപ്പുണ്ടായത്. ജോർദാനിയൻ ആശുപത്രിക്ക് സമീപം വച്ചാണ് മുഖംമൂടി ധരിച്ച ഹമാസ് സൈനികർ ഗോത്ര അംഗങ്ങൾക്ക് നേരെ വെടിയുതിർത്തത്. തിരിച്ചും വെടിവെപ്പുണ്ടായി.
കഴിഞ്ഞ ദിവസം ഹമാസ് സായുധ വിഭാഗത്തിലെ ഉന്നതരെ ദുന്മുഷ് തോക്കുധാരികൾ കൊലപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസിൻ്റെ സായുധ വിഭാഗത്തിലെ മുതിർന്ന കമാൻഡറായ ഇമാദ് അഖേലിൻ്റെ മകനും ഗ്രൂപ്പിൻ്റെ മിലിട്ടറി ഇന്റലിജൻസ് തലവനുമായിരുന്നു.
ആയുധധാരികളായ ഗോത്ര സംഘത്തെ പിടികൂടിയെന്നാണ് ഹമാസ് ആഭ്യന്തര മന്ത്രാലയ പ്രതിനിധി വിശദമാക്കിയതെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഹമാസ് സുരക്ഷാ സേനയിലെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വിശദമാക്കുന്നത്. ദുഗ്മുഷ് ഗോത്രത്തിലെ 19 പേർ കൊല്ലപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗാസയിലെ ശക്തമായ ഗോത്രങ്ങളിലൊന്നാണ് ദുഗ്മുഷ് ഗോത്രം. ഇവരുമായി ഹമാസിന് ഏറെക്കാലത്തെ സംഘർഷം നിലനിൽക്കുന്നുണ്ട്. ആയുധധാരികളായ ഗോത്ര അംഗങ്ങളുമായി നേരത്തെയും പല തവണ ഹമാസ് സുരക്ഷാ സേന ഏറ്റുമുട്ടിയിട്ടുണ്ട്. ഭരണം പൂനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലുണ്ടായ അക്രമം ആയാണ് സംഭവത്തേക്കുറിച്ച് ഹമാസ് ആഭ്യന്തര മന്ത്രാലയം പ്രതികരിക്കുന്നത്. എന്നാൽ ജോർദാനിയൻ ആശുപത്രിയായി മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലായിരുന്നു ദുഗ്മുഷ് ഗോത്രാംഗങ്ങൾ അഭയം തേടിയിരുന്നതെന്നും ഇവിടേക്ക് ഹമാസ് ആക്രമണം നടത്തിയെന്നുമാണ് ദുഗ്മുഷ് ഗോത്രം ആരോപിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ അൽ സബ്ര മേഖലയിലെ ഗോത്രാംഗങ്ങളുടെ താമസ സ്ഥലങ്ങൾ പൂർണമായി തകർന്നതോടെയാണ് മുൻ ആശുപത്രി കെട്ടിടത്തിൽ അഭയം തേടിയതെന്നാണ് ദുഗ്മുഷ് ഗോത്രം വിശദമാക്കുന്നത്. പുതിയ താവളം രൂപീകരിക്കാനായി ഗോത്രാംഗങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഗോത്രത്തിലെ മുതിർന്നവർ ആരോപിച്ചു.
ഇസ്രായേൽ സൈന്യം ഒഴിഞ്ഞതോടെ ഗാസയുടെ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനായി ഹമാസ് സുരക്ഷാ സേനയിലെ 7,000 അംഗങ്ങളെ തിരിച്ചുവിളിച്ചതായാണ് വിവരം.