ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. ഓഗസ്റ്റ് 18-നായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കം സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി ചർച്ച നടത്താനാണ് പ്രധാനമായും വാങ് യി ഇന്ത്യ സന്ദർശിക്കുന്നത്.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കാനിരിക്കെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ്, റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ തുടങ്ങിയവരും ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൻ്റെ പേരിൽ അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ റഷ്യയും ചൈനയുമായി ഇന്ത്യ അടുക്കുന്നത് ഉറ്റു നോക്കുകയാണ് ലോകം.
ഗാൽവാൻ സംഘർഷത്തെ തുടർന്ന് തകർന്ന ഇന്ത്യ-ചൈന ബന്ധം വീണ്ടും ഊഷ്‌മളമാകുന്ന സൂചനകളാണ് ലഭിക്കുന്നത്. ഗാൽവാൻ സംഘർഷത്തിന് ശേഷം 2024 ഒക്ടോബറിൽ മുമ്പ് എങ്ങനെയായിരുന്നോ അതേ സ്ഥിതിയിലേക്ക് സൈന്യത്തെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ചില മേഖലകളിൽ ഇനിയും ഇത് പൂർത്തിയാകാനുണ്ട്. ഈ സാഹചര്യത്തിൽ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 2019 ന് ശേഷം ആദ്യമായാണ് മോഡി ചൈനയിലേക്ക് പോകുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ചൈന ലഘൂകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യ 2024-2025 സാമ്പത്തിക വർഷം 57 ലക്ഷം ടൺ യൂറിയയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 20 ശതമാനം കുറവാണ് ഇറക്കുമതിയിൽ ഉണ്ടായത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രധാന കാരണം. 2023-24 ൽ 18.7 ലക്ഷം ടൺ യൂറിയയാണ് ചൈനയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. എന്നാൽ 2024-25 സാമ്പത്തിക വർഷം ഇത് ഒരു ലക്ഷം ടൺ യൂറിയയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ചൈന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.
ചൈനീസ് പൗരന്മാർക്ക് വിനോദ സഞ്ചാരത്തിനായുള്ള വിസ അനുവദിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അടുത്തിടെ ഇന്ത്യ നീക്കിയിരുന്നു. ചൈനയിലേക്ക് വിമാന സർവീസുകൾ വീണ്ടും തുടങ്ങാൻ വ്യോമയാന കമ്പനികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. കോവിഡ് ലോക്‌ഡൗൺ കാലത്താണ് ചൈനയുമായി നേരിട്ടുള്ള വ്യോമഗതാഗതം ഇന്ത്യ നിർത്തി വെച്ചത്. പിന്നാലെ 2020 ലെ ഗാൽവാൻ സംഘർഷവും തുടർന്നുണ്ടായ നയതന്ത്ര ബന്ധത്തിലെ തകർച്ചയും ഇക്കാര്യത്തിൽ പുനപരിശോധന ഉണ്ടായില്ല.