ഷിക്കാഗോ: തൊഴിലാളി ദിന വാരാന്ത്യത്തിൽ ഷിക്കാഗോയിൽ നടന്ന ഡസൻ കണക്കിന് വെടിവയ്പ്പുകളിൽ എട്ട് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലുടനീളമായി നടന്ന 37 വെടിവയ്പ്പുകളിലായാണ് 58 പേർക്ക് വെടിയേറ്റത്. കഴിഞ്ഞ വർഷം ലേബർ ഡേ വാരാന്ത്യത്തിൽ നടന്ന അക്രമങ്ങളിൽ ഏഴ് പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
2.75 ദശലക്ഷം ജനസംഖ്യയുള്ള ഷിക്കാഗോ, കുറ്റകൃത്യങ്ങൾ കൂടുതൽ ഉള്ള നഗരം ആണ്. കഴിഞ്ഞ വർഷം, 573 കൊലപാതകങ്ങളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. റോച്ചെസ്‌റ്റർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കണക്കനുസരിച്ച്, 2024 ൽ യുഎസ് നഗരങ്ങളിൽ വെച്ചേറ്റവും കൂടുതൽ കൊലപാതകം നടന്നത് ഷിക്കാഗോയിലാണ്. ഈ വർഷം ഇതുവരെ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൊലപാതകങ്ങളും വെടിവയ്പ്പുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 1 വരെ 404 കൊലപാതകങ്ങൾ നടന്നപ്പോൾ, ഈ വർഷം ഇതുവരെ 279 കൊലപാതകങ്ങളാണ് നടന്നത്. 2024-ൽ ഇതേ കാലയളവിൽ 1,586 വെടിവയ്പ്പുകൾ നടന്നിരുന്നു. ഈ വർഷം ഇതുവരെ 1,026 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.