കൊച്ചി: എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്. മന്ത്രി അശ്വിനി വൈഷ്‌ണവിനെ ഈ മാസം മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്‌ചയിൽ സ്റ്റേഷന് വേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് അദേഹം ഉറപ്പ് നൽകിയതായി മന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു. വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനും ശ്രീ ജോർജ് കുര്യൻ നന്ദി അറിയിച്ചു.
വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യ പ്രദമായ രീതിയിലാണ് സ്റ്റേഷൻ നിർമാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. റെയിൽവേ ബോർഡിൻ്റെ അനുമതി ലഭിച്ചതോടെ നിർമാണം ഉടൻ ആരംഭിച്ചേക്കും.
സംസ്ഥാനത്തിൻ്റെ തെക്കും വടക്കും പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് വിമാനത്താവളത്തിൽ എത്താനും മടങ്ങാനും കഴിയുന്നതാണ് പുതിയ റെയിൽവേ സ്റ്റേഷൻ. നിലവിൽ അങ്കമാലിയിലോ ആലുവയിലോ ഇറങ്ങി വേണം എത്താൻ. വിമാനത്താവളത്തിന് സമീപത്ത് കൂടിയാണ് റെയിൽപ്പാത കടന്ന് പോകുന്നത്.
 



