ന്യൂഡൽഹി: ആശാ വർക്കർമാർക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. ആശാ വർക്കർമാരുടെ ഇൻസന്റീവ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പ്രതിമാസ ഇൻസൻ്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായി വർധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. മാർച്ച് നാലിന് ചേർന്ന് മിഷൻ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഇൻസന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനക്രമീകരിച്ചിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്ര സർക്കാർ 20,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി വർധിപ്പിക്കുകയും ചെയ്‌തു. എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാർ ഓണറേറിയും വർധിപ്പിക്കണമെന്നും അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുകയാണ്. എന്നാൽ ഒരു തരത്തിലുള്ള അനുകൂല സമീപനവും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ആശാ വർക്കർമാരുടെ ഇൻസൻ്റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. ആശമാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.