Wednesday, April 8, 2026
Home » ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ

by Editor
Send your news and Advertisements

ന്യൂഡൽഹി: ഇറാനിലെ സുരക്ഷാ സാഹചര്യം അങ്ങേയറ്റം അനിശ്ചിതത്വത്തിലായതിനാൽ അവിടുത്തെ ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തര നിർദേശം നൽകി. നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കാലയളവിൽ തന്നെ മടങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുള്ള സുരക്ഷിത പാതകൾ ഉപയോഗിച്ച് മാത്രമേ മടക്കം സാധ്യമാക്കാവൂ എന്നും എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിർത്തികളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കരുതെന്നും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി നാല് അടിയന്തര ഫോൺ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) cons.tehran@mea.gov.in ലഭ്യമാക്കിയിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്‌ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട ജാഗ്രതാ നിർദേശം പുതുക്കിയത്. ചൊവ്വാഴ്‌ച വൈകുന്നേരം പുറപ്പെടുവിച്ച നിർദേശത്തിൽ, 48 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കണമെന്നും എംബസി നിർദേശിച്ചിരുന്നു.

സംഘർഷം ആരംഭിച്ച സമയത്തെ കണക്കുകൾ പ്രകാരം ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ട്. അർമേനിയ, അസർബൈജാൻ എന്നീ അയൽരാജ്യങ്ങൾ വഴി 1,862 പേരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ എംബസിക്ക് സാധിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഏതു നിമിഷവും സാഹചര്യം മാറാൻ സാധ്യതയുള്ളതിനാലാണ് പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം സ്ഥാപിക്കാൻ താൽക്കാലിക വെടിനിർത്തൽ വഴിയൊരുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സംഘർഷങ്ങൾ ലഘൂകരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നിലവിലുള്ള സംഘർഷത്തിന് എത്രയും വേഗം അറുതി വരുത്താൻ ചർച്ചകളും നയതന്ത്രവുമാണ് അത്യന്താപേക്ഷിതമെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ലബനനിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നാൽ ടെൽ അവീവ് ആക്രമിക്കുമെന്ന് ഇറാൻ

ലബനനിൽ ആക്രമണങ്ങൾ തുടർന്നാൽ ഇസ്രയേൽ നഗരമായ ടെൽ അവീവ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ. അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്‌ചത്തെ വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേലിന് ഇറാന്റെ ഭീഷണി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഈ താക്കീത്.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇടപെടലിനെ തുടർന്ന് പ്രഖ്യാപിച്ച വെടിനിർത്തലിനെ ചൊല്ലി ഇസ്രയേലും പാക്കിസ്ഥാനും വ്യത്യസ്‌ത നിലപാടുകളാണ് സ്വീകരിക്കുന്നത്. വെടിനിർത്തൽ കരാറിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അവകാശപ്പെടുന്നത്.

എന്നാൽ ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലബനന് ബാധകമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. പിന്നാലെ തെക്കൻ ലബനനിലെ നഗരങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ സൈന്യം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് ഇസ്രയേലിനെതിരെ ആക്രമണ ഭീഷണി മുഴക്കി ഇറാൻ രംഗത്ത് വന്നത്.

You may also like

error: Content is protected !!