ന്യൂഡൽഹി: ചന്ദ്രയാൻ 4 ദൗത്യത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ശാസ്ത്ര സാങ്കേതികവിദ്യ, വ്യവസായ ശേഷി എന്നിവയിൽ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. വാണിജ്യ ആശയവിനിമയ ഉപഗ്രഹം, ഒന്നിലധികം പിഎസ്എൽവി, ജിഎസ്എൽവി ദൗത്യങ്ങൾ എന്നിവയുൾപ്പെടെ ഏഴ് വിക്ഷേപണങ്ങൾ കൂടി ഇസ്റോ ലക്ഷ്യമിടുന്നുണ്ടെന്ന് വി നാരായണൻ വ്യക്തമാക്കി.
2028 ൽ ചന്ദ്രയാൻ 4 വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്. അതിന് മുൻപ് 2027-ൽ മനുഷ്യരെ വഹിച്ചുള്ള ഗഗൻയാൻ ദൗത്യമാണ് ഐഎസ്ആർഒയുടെ മുന്നിലുള്ള പ്രധാന ദൗത്യം. ഗഗൻയാൻ ദൗത്യത്തിൽ ആളില്ലാത്ത ആദ്യ വിക്ഷേപണം മാത്രമാണ് മാറ്റിവെച്ചതെന്നും 2027 -ൽ തീരുമാനിച്ച മനുഷ്യരെ വഹിച്ചുള്ള ഗഗൻയാൻ ദൗത്യത്തിൻ്റെ സമയത്തിൽ മാറ്റമൊന്നുമില്ലെന്നും ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി. എ 1 എന്ന ആളില്ലാ ഗഗൻയാൻ പേടക വിക്ഷേപണം 2025 നടത്താനിരുന്നതാണ്. ഇത് നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് വിക്ഷേപിക്കുമെന്നാണ് കരുതുന്നത്.
ഈ സാമ്പത്തിക വർഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങൾ കൂടിയുണ്ടെന്ന് ഐഎസ്ആർഒ മേധാവി പറഞ്ഞു. ഒരു സ്വകാര്യ വിവര വിനിമയ ഉപഗ്രഹം ഉൾപ്പടെ ഒന്നിലധികം പിഎസ്എൽവി, ജിഎസ്എൽവി വിക്ഷേപണങ്ങളാണ് ഈ സാമ്പത്തിക വർഷം നടക്കാനിരിക്കുന്നത്. പൂർണമായും സ്വകാര്യ മേഖലയിൽ നിർമിച്ച പിഎസ്എൽവി റോക്കറ്റ് വിക്ഷേപണവും അതിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ സങ്കീർണമായ ബഹിരാകാശ ദൗത്യങ്ങളിൽ ഒന്നാണ് ചന്ദ്രയാൻ 4. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ തിരികെ എത്തിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ചന്ദ്ര സാമ്പിൾ-റിട്ടേൺ ദൗത്യമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചന്ദ്രയാൻ-4 ദൗത്യത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇത് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും സങ്കീർണമായ ചാന്ദ്ര ദൗത്യമായിരിക്കുമെന്നും ഇസ്റോ മേധാവി പറഞ്ഞു. 2040 ഓടെ മനുഷ്യരെ ചന്ദ്രനിലയച്ച് തിരികെ എത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ആർട്ടെമിസ് ദൗത്യവും ഇക്കാലയളവിൽ തന്നെ ആയിരിക്കുമെന്നാണ് കരുതുന്നത്. ചൈന 2030-ൽ ആദ്യത്തെ ക്രൂ ലാൻഡിങ് ലക്ഷ്യം വച്ചിട്ടുണ്ട്.
മറ്റൊരു പ്രധാന ദൗത്യം ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്‌സയുമായി സഹകരിച്ചുള്ള ലുപെക്സ് എന്ന സംയുക്ത ചാന്ദ്ര ധ്രുവ പര്യവക്ഷേണ ദൗത്യമാണ്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലെ തണുത്തുറഞ്ഞ ജലത്തെ കുറിച്ച് പഠിക്കുകയാണ് ലുപൊക്‌സ് ദൗത്യത്തിന്റെ ലക്ഷ്യം.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ സ്വന്തം ബഹിരാകാശ പേടക നിർമാണം മൂന്നിരട്ടിയായി വർധിപ്പിക്കാനും ഐഎസ്ആർഒയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യൻ സ്പേസ് സ്റ്റേഷന് വേണ്ടിയുള്ള ജോലികൾ ഐഎസ്ആർഒ ആരംഭിച്ചു കഴിഞ്ഞു. 2035 ഓടെ അത് പൂർത്തിയാക്കുമെന്നും 2028 ഓടെ അഞ്ച് മോഡ്യൂളുകളിൽ ആദ്യത്തേത് ഭ്രമണപഥത്തിലെത്തിക്കുമെന്നും വി. നാരായണൻ പറഞ്ഞു. ഇതോടെ സ്വന്തമായി ബഹിരാകാശ നിലയമുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിൽ ഏകദേശം 8.2 ബില്യൺ യുഎസ് ഡോളറാണ്. 2033 -ഓടെ 44 ബില്യൺ യുഎസ് ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിൽ ഏകദേശം 630 ബില്യൺ യുഎസ് ഡോളറാണെന്നും 2035-ഓടെ 1.8 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്നും ഐഎസ്‌ആഒ ചെയർമാൻ വ്യക്തമാക്കി.



