“ഒരിക്കൽ ഒരാൾ വരും, നാഴിയിൽ നാല് ആഴിയും (കടൽ) കൊള്ളുന്ന ഒരാൾ” – ‘തീക്കടൽ കടഞ്ഞ് തിരുമധുരം‘ എന്ന കൃതിയിൽ എഴുത്തച്ഛനെക്കുറിച്ച് സി. രാധാകൃഷ്ണൻ പറയുന്നു.
ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന ‘മൂർത്തീദേവി പുരസ്കാരം’ 2013-ൽ ലഭിച്ചു. തുഞ്ചൻപറമ്പിൽ നടന്ന, എം ടി പങ്കെടുത്ത, ഈ പുരസ്‌കാര സമർപ്പണത്തിൽ ഒരു ഞാനും ഒരു ആശംസ പ്രസംഗകനായിരുന്നു. നിർഭാഗ്യവശാൽ ഈ മനോഹരമായ അവാർഡ് ശില്പം ഉൾപ്പെടെ മിക്കവാറും പുരസ്ക്കാര ശില്ലങ്ങൾ, എറണാകുളത്തെ വീട്ടിൽ നിന്ന് ഒരു കള്ളൻ കവർച്ച ചെയ്തു കൊണ്ടുപോയിക്കളഞ്ഞു!
വെറും 24–ാം വയസ്സിൽ (1963) കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ റെക്കോർഡ് തിരുത്താൻ ആറു പതിറ്റാണ്ട് ആയിട്ടും, ഒരാൾ എത്തിയിട്ടില്ല എന്നാണു് എൻ്റെ അറിവ്. പക്ഷേ, അക്കാദമി അവാർഡ് വാങ്ങാൻ പോയ കഥയാണ് അതിലേറെ രസകരം! രാധാകൃഷ്ണൻ്റെ വാക്കുകളിൽ: “അക്കാലത്ത് ഞാൻ കൊടൈക്കനാലിലെ ആസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്. പുരസ്കാര വിതരണച്ചടങ്ങിനെത്താൻ ലീവ് കിട്ടിയില്ല. കുറച്ചുദിവസങ്ങൾ കഴിഞ്ഞാണ് അവാർഡ് വാങ്ങാൻ തൃശൂരിലെ അക്കാദമി ഓഫിസിലെത്തുന്നത്. അക്കാദമി സെക്രട്ടറി കണിശക്കാരനാണ്. നിങ്ങൾ ‘സി. രാധാകൃഷ്ണനാണെന്ന് തെളിയിക്കാൻ രേഖകൾ വല്ലതും കയ്യിലുണ്ടോ’ എന്നായിരുന്നു ആദ്യ ചോദ്യം. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ തിരിച്ചറിയൽ കാർഡ് കാണിച്ചുകൊടുത്തു. അപ്പോൾ അടുത്ത ചോദ്യം. ‘ഈ സി.രാധാകൃഷ്ണൻ തന്നെയാണ് അവാർഡ് കിട്ടിയ സി. രാധാകൃഷ്ണൻ എന്ന് ഞാനെങ്ങനെ അറിയും?’ സാക്ഷി പറയാൻ പുസ്തക പ്രസാധകനെ വിളിക്കാൻ ഞാൻ ഫോണിനു കൈ നീട്ടി. അപ്പോൾ മറ്റൊരു കർശന നിബന്ധന. 25 പൈസ ആ ടിന്നിലിട്ടിട്ടേ അനൗദ്യോഗിക കോളുകൾ ആകാവൂ. ചില്ലറ ചോദിച്ചപ്പോൾ, ഇതു സർക്കാർ ഓഫീസാണ്; പെട്ടിക്കടയല്ല എന്നായി. ഒടുവിൽ പുറത്തെ സാക്ഷാൽ പെട്ടിക്കടയിൽ നിന്ന് പ്രസാധകനെ ഫോൺ ചെയ്തു വിളിച്ചുവരുവരുത്തിയാണ് അവാർഡ് വാങ്ങിയെടുത്തത്….” (തൃശൂർ കറണ്ട് ബുക്ക്സ് സ്ഥാപകൻ തോമസ് (മുണ്ടശ്ശേരിയുടെ പുത്രൻ) ആയിരുന്നു ആ പ്രസാധകൻ.)
വിശദീകരണക്കുറിപ്പ്: അന്നൊക്കെ സർക്കാരിന്റെ വിദ്യാഭ്യാസ സെക്രട്ടറി ആയിട്ടുള്ള ഐ എ എസുകാരനാണ് സാഹിത്യ അക്കാദമി സെക്രട്ടറി; അദ്ദേഹം തിരുവനതപുരത്താണല്ലോ; അപ്പോൾ തൃശൂരിൽ കാര്യങ്ങൾ നടത്താൻ അസിസ്റ്റൻ്റ് സെക്രട്ടറി ആയി ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിക്കും. പി. കെ. ശിവശങ്കരപ്പിള്ള എന്നൊരാളാണ്, മേൽ പരാമർശത്തിലേത് എന്ന് കരുതുന്നു.
‘ചക്കുപുരയിൽ രാധാകൃഷ്ണൻ’ എന്ന സി. രാധാകൃഷ്ണൻ മലയാളത്തിലെ മുൻ നിരയിലുള്ള നോവലിസ്റ്റ്/ കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ ആണ് നാം അറിയുന്നത്. എന്നാൽ അദ്ദേഹം ഒരു ശാസ്ത്രകാരനാണ്; ശാസ്ത്ര-പത്രപ്രവർത്തകൻ കൂടിയാണ്! കവിയും ആണ് – ഒരു കവിതാ ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുംഭമാസത്തിലെ അശ്വതി നാളിനാണ് സാമ്പ്രദായികമായ പിറന്നാൾ. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന, പരപ്പൂർമഠത്തിൽ (പി) മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിലെ ചമ്രവട്ടത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഗവ. ലോവർ പ്രൈമറി; ശാസ്താ അപ്പർ പ്രൈമറി സ്കൂളുകൾ, ചമ്രവട്ടം; അച്യുതവാരിയർ ഹൈസ്കൂൾ, പൊന്നാനി എന്നിവിടങ്ങളിൽ നിന്ന്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും (ബി എസ്‌സി – ഫിസിക്സ്) പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി (എം എസ്‌സി – അപ്പ്ളൈഡ് ഫിസിക്സ്) അദ്ദേഹം ബിരുദാനന്തരബിരുദതലം വരെ വിദ്യാഭ്യാസം പൂർത്തിയാക്കി. എംഎസ്‌സി പഠനം മുഴുവനാക്കും മുൻപേ ജോലിക്കു കയറി. അന്ന് അത് അത്യാവശ്യമായിരുന്നു. ജോലിസമയത്തും പഠനം മുഴുവനാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എംഎസ്‌സി മുഴുവനാക്കാനായില്ല. ഇക്കാര്യങ്ങൾ വിശദമായി ‘പുഴമുതൽ പുഴവരെ’ എന്ന നോവലിൽ വിവരിക്കുന്നുണ്ട്.
1960-’62-ൽ കൊടൈക്കനാലിലെ ആസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് 1962-’64-ൽ പൂനെയിലെ വേൾഡ്-വൈഡ് സീസ്മോളജി സെന്ററിലെ ഓഫീസർ-ഇൻ-ചാർജ് ആയിരുന്നു. തുടർന്ന്, ബോംബെയിലെ ടൈംസ് ഓഫ് ഇന്ത്യ, ആരംഭിച്ച ‘സയൻസ് ടുഡേ‘ എന്ന സയൻസ് മാസികയുടെ ആദ്യ അസിസ്റ്റൻ്റ് എഡിറ്റർ ആയി ചേർന്നു. 1964-’68- കാലത്ത് അതിൽ ജോലി ചെയ്തു. പിന്നീട്, ഡൽഹിയിൽ, ‘ലിങ്ക് മാസിക’യുടെയും ‘പേട്രിയറ്റ്’ ഡെയ്‌ലിയുടെയും സയൻസ് എഡിറ്റർ (1968-’72) ആയി പ്രവർത്തിച്ചു.
അതോടെ, പരദേശവാസം നാട്ടിൽ എത്തി. എന്നിട്ട്, ‘പൊരുൾ‘ (1972-’76) എന്നൊരു മലയാളം മാസിക തുടങ്ങി. എൻ്റെ ആദ്യകാല രചനകൾ ‘പൊരുൾ‘ മാസികയിൽ വന്നിരുന്നതായി ഓർക്കുന്നു. പിന്നീട് കർമ്മരംഗം എറണാകുളത്തേക്കു മാറി; 1980-’84 കാലത്ത്, ‘വീക്ഷണം’ പത്രത്തിൻ്റെ എഡിറ്റർ ആയി പ്രവർത്തിച്ചു. 1994-’97 കാലഘട്ടത്തിൽ ‘മലയാള മനോരമ‘യുടെ ‘ഇയർ-ബുക്ക്’, ‘ഭാഷാപോഷിണി’ എന്നിവയുടെ എഡിറ്റർ ഇൻ-ചാർജ്; പിന്നീട് 1997-2000 കാലഘട്ടത്തിൽ മാധ്യമം വാരികയുടെ കൺസൾട്ടന്റ് എഡിറ്ററായി.
രാധാകൃഷ്‌ണൻ എംഎസ്‌സി വിദ്യാർഥിയായിരിക്കുമ്പോഴാണ് ആദ്യനോവൽ ‘നിഴൽപ്പാടുകൾ’ രചിക്കുന്നത്. ഈ ആദ്യ രചനക്ക് തന്നെ കേരള സാഹിത്യ അക്കാദമി അവാർഡ് ഈ നോവൽ നേടുകയുണ്ടായിയെന്ന് തുടക്കത്തിൽ സൂചിപ്പിച്ചുവല്ലോ. ഇതും ‘കണ്ണിമാങ്ങകൾ’, ‘അഗ്നി’ എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്.
‘എല്ലാം മായ്ക്കുന്ന കടൽ’, ‘പുഴ മുതൽ പുഴ വരെ’, ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’, ‘സ്പന്ദമാപിനികളേ നന്ദി’, ‘ഇവിടെ എല്ലാവർക്കും സുഖം തന്നെ’, ‘മുൻപേ പറക്കുന്ന പക്ഷികൾ’, ‘കരൾ പിളരും കാലം’, ‘ഇനിയൊരു നിറകൺചിരി’, ‘വേർപാടുകളുടെ വിരൽപ്പാടുകൾ’ എന്നിവ ഉൾക്കൊള്ളുന്ന അപ്പുവിൻ്റെ ലോകത്തെ അനാവരണം ചെയ്യുന്ന നോവൽ പരമ്പര (നോവൽ നവകം) ബൃഹത്തായ രചനകളാണ്. ‘ഉള്ളിൽ ഉള്ളത്‘ എന്നതും ഒരു ബൃഹത് നോവലാണ്.
എഴുത്തച്ഛൻ്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്. ‘കങ്കാളികൾ’, ‘പിൻ നിലാവ്’, ‘ഒറ്റയടിപ്പാതകൾ, ‘അമാവാസികൾ’ എന്നിങ്ങനെയുള്ള കൃതികളും എനിക്കിഷ്ടമാണ്. ഇതിനു പുറമെ ചെറുകഥകളുടെ സമാഹാരങ്ങളും ഉണ്ട്.
ഒരു കവിതാ പുസ്തകവും ഇംഗ്ലീഷിലുള്ള പോപ്പുലർ സയൻസ് ഗ്രന്ഥവും എഴുതിയിട്ടുണ്ട്. ‘ഗീതാദർശനം’ എന്ന ഒരു ദാർശനിക ഗ്രന്ഥവുമുണ്ട്; അതിനു ഗുരുവായൂർ ദേവസ്വം പുരസ്കാവും കിട്ടിയിട്ടുണ്ട്. ‘കാലം കാത്തുവെയ്ക്കുന്നത്’ എന്നതാണ് ഈ അടുത്തിറങ്ങിയ ഗ്രന്ഥം. .. അൻപതിലേറെ കൃതികൾ ….
ആദ്യമായി മധു സംവിധാനം ചെയ്ത ‘പ്രിയ’ (1970) എന്ന ചിത്രത്തിനു തൻ്റെ ‘തേവിടിശ്ശി’ എന്ന നോവൽ മുൻനിർത്തി തിരക്കഥയെഴുതിയ രാധാകൃഷ്‌ണൻ, തുടർന്ന്, ‘അഗ്നി’, ‘കനലാട്ടം’, ‘പുഷ്യരാഗം’, ‘ഒറ്റയടിപ്പാതകൾ‘ (1993) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു; വേറെ അഞ്ചു ചിത്രങ്ങൾക്ക് കഥ / തിരക്കഥ രചിച്ചു. (‘തുലാവർഷം’, ‘പാൽക്കടൽ’, ‘പിൻനിലാവ്’, ‘അവിടത്തെപ്പോലെ ഇവിടെയും’, ‘ഭാഗ്യവാൻ’-1994) രാധാകൃഷ്‌ണൻ്റെ സിനിമകളിൽ ‘അഗ്നി‘യാണെനിക്കിഷ്ടം.
സി. രാധാകൃഷ്ണനോളം അവാർഡുകൾ കിട്ടിയ മലയാള സാഹിത്യകാരന്മാർ അപൂർവമായിരിക്കും. പക്ഷേ, അതു നീക്കിവയ്ക്കുന്നതു മറ്റു ചില നല്ല കാര്യങ്ങൾക്കുവേണ്ടി മാത്രം.
സാഹിത്യരംഗത്തെ ഒട്ടുമിക്ക പുരസ്കാരങ്ങളും സി. രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. ‘മൂർത്തീദേവി പുരസ്കാരം’ (2013), ‘എഴുത്തച്ഛൻ പുരസ്കാരം’ (2016), ‘കേരള സാഹിത്യ അക്കാദമി‘ പുരസ്കാരം (1963) & ‘ഫെല്ലോഷിപ്പ്‘(2010-ൽ), ‘കേന്ദ്രസാഹിത്യ അക്കാദമി’ പുരസ്കാരം (1988), വയലാർ അവാർഡ് എന്നിവ അവയിൽ ചിലതുമാത്രം…. ഈ അടുത്ത കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ‘എമിനന്റ് റൈറ്റർ’ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി – ഈ അംഗീകാരം മലയാളത്തിൽ നിന്ന് ഇതിനു മുമ്പ് എം ടി ക്ക് മാത്രമെ കിട്ടിയിട്ടുള്ളു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാള വിഭാഗം കൺവീനറും എക്സിക്യൂട്ടീവ് ബോർഡ് അംഗവും (2014-2017) ആയിരുന്നു. രണ്ടുതവണ സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡണ്ടായിരുന്നു; പക്ഷേ, രണ്ടാം തവണ സ്ഥാനമേറ്റ് അധികം കഴിയുംമുമ്പ് അദ്ദേഹം രാജിവച്ച് ഒഴിഞ്ഞു; യഥാർത്ഥ കാരണം എനിക്ക് വ്യക്തമല്ല.
അടുത്ത കാലത്ത് അദ്ദേഹം ഒരു മത സംഘടനയുടെ വേദിയിൽ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിൻ്റെ പങ്കിനെക്കുറിച്ച് പ്രസംഗിച്ചതായി കണ്ട വസ്തുത എനിക്ക് തികച്ചും അത്ഭുതം തോന്നിച്ചു. വത്സലയാണ് ഭാര്യ (സ്വാതന്ത്ര്യത്തിന് മുമ്പുള്ള മലബാർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമാരിൽ ഒരാളായിരുന്ന ടി. ഗോപാല കുറുപ്പിന്റെ മകൾ). മകൻ: ഡോ. ഗോപാൽ (റേഡിയോളജിസ്റ്റ്). മരുമകൾ: സുഭദ്ര (ഐടി പ്രഫഷനൽ). എറണാകുളത്തും (ആസാദ് റോഡ്, ആശ്രമം ലേൻ) ചമ്രവട്ടത്തുമായി താമസിക്കുന്നു.
സി.രാധാകൃഷ്ണൻ ആത്മകഥ എഴുതിയിട്ടില്ല; എന്നാൽ അദ്ദേഹം എഴുതിയ കൃതികളിലെല്ലാം ആത്മാംശമുണ്ട്. വിശേഷിച്ച് അപ്പുവിന്റെ ലോകം അനാവരണം ചെയ്ത ‘നോവൽ നവകം‘ കൃതികളിൽ; ഒരു പക്ഷേ, ഒരു ആത്മകഥയിൽ പറയുന്നതിനേക്കാൾ വിശദമായിത്തന്നെ. അതിൽക്കൂടുതൽ എന്ത് ആത്മകഥ ?
അദ്ദേഹം പറയുന്നു: “എഴുത്തുകൊണ്ടു മാത്രം ജീവിച്ച ആളാണു ഞാൻ. ഒന്നിനും ഒരു മുട്ടുണ്ടായിട്ടില്ല. വായനക്കാർക്കു നന്ദി.”
ആർ. ഗോപാലകൃഷ്ണൻ


