അസിം മുനീറിന്റെ ആണവ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ യുദ്ധഭീഷണി മുഴക്കി മുൻ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. സിന്ധു നദീജല ഉടമ്പടിയിൽ മാറ്റം വരുത്താൻ ന്യൂഡൽഹി മുന്നോട്ട് പോയാൽ യുദ്ധമുണ്ടാകുമെന്ന് ബിലാവൽ ഭൂട്ടോ സർദാരി മുന്നറിയിപ്പ് നൽകി. സിന്ധു നദീജല കരാർ റദ്ധാക്കിയത് പുനഃസ്ഥാപിച്ചില്ലെങ്കിൽ പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളും ഒരുമിച്ചു അതിനെതിരെ പൊരുതുമെന്നും സിന്ധുനദിയിലെ ജലം തിരിച്ചുപിടിക്കാൻ തന്റെ രാജ്യത്തിന്റെ ഐക്യം സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തിങ്കളാഴ്ച സിന്ധ് സർക്കാരിന്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിലാവൽ ഭൂട്ടോ.
“ഈ യുദ്ധം ആരംഭിച്ചത് പാക്കിസ്ഥാനല്ല; ഞങ്ങൾ എപ്പോഴും സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. പാക്കിസ്ഥാൻ പ്രതിനിധികൾ ലോകമെമ്പാടും പോയിട്ടുണ്ട്, ഞങ്ങൾ സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചത്, പക്ഷേ ഇന്ത്യ യുദ്ധത്തെക്കുറിച്ചാണ് സംസാരിച്ചത്. എന്നാൽ ഇപ്പോൾ യുദ്ധം ആരംഭിച്ചിരിക്കുന്നു… ഈ നാട്ടിൽ നിന്ന് മോദി സർക്കാരിനോട് പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ പിന്മാറില്ല, ഞങ്ങൾ തലകുനിക്കില്ല. സിന്ധു നദിക്കെതിരെ അത്തരമൊരു ആക്രമണം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലെയും ജനങ്ങൾ നിങ്ങളെ നേരിടാൻ തയ്യാറാണ്, ഇത് നിങ്ങൾ തീർച്ചയായും തോൽക്കുന്ന ഒരു യുദ്ധമാണ്” ബിലാവൽ ഭൂട്ടോ പറഞ്ഞു.
“ഒന്നായി ഐക്യപ്പെട്ടാൽ, ഈ അടിച്ചമർത്തലിനെതിരെ നമ്മൾ ശബ്ദമുയർത്തണം. നിങ്ങൾക്ക് ശക്തിയുണ്ടെന്ന് എനിക്കറിയാം, ഈ രാജ്യത്തെ ജനങ്ങൾക്ക് ശക്തിയുണ്ടെന്ന്, സാഹചര്യം എന്തുതന്നെയായാലും – യുദ്ധത്തിൽ പോലും – നമുക്ക് അവരെ നേരിടാനും നിങ്ങളിൽ നിന്ന് എടുത്തത് – ആറ് നദികൾ – തിരിച്ചുപിടിക്കാനും കഴിയും” എന്നാണ് ഭൂട്ടോ പ്രഖ്യാപിച്ചത്.
‘ആണവ ഭീഷണി ഇന്ത്യയോട് ചെലവാകില്ല’; അസിം മുനീറിന് ഇന്ത്യയുടെ മറുപടി