കോഴിക്കോട്: വിവാദ പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതല വി.ടി.ബൽറാം ഒഴിഞ്ഞു. ജിഎസ്‌ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം എക്‌സിൽ പോസ്‌റ്റ് ചെയ്‌ത ‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’ എന്ന പോസ്‌റ്റാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. പുകയില ഉൽപന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമർശിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്‌റ്റ്. സംഗതി വിവാദമായതോടെ പോസ്‌റ്റ് നീക്കം ചെയ്തു. പുകയില ഉൽപ്പന്നങ്ങളുടെ ജിഎസ്‌ടി വെട്ടിക്കുറച്ചതിനാൽ ഇനി അത് പാപമായി കണക്കാക്കാൻ കഴിയില്ലെന്നും പോസ്‌റ്റിൽ പറഞ്ഞിരുന്നു. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദ പോസ്‌റ്റ്. ബിഹാറിനെ ഇകഴ്ത്തി കാണിച്ചെന്ന് ആരോപിച്ച് ബിജെപി ദേശീയതലത്തിൽ ഈ പോസ്‌റ്റ് ചർച്ചാവിഷയമാക്കുകയും ചെയ്തു.
പ്രസ്താവനയില്‍ കേരളഘടകത്തെ തള്ളി ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. പ്രസ്താവനയെ ആര്‍ജെഡി പിന്തുണക്കില്ലെന്നും ഉദ്ദേശം എന്തുതന്നെയാണെങ്കിലും പരാമര്‍ശം തെറ്റ് എന്നും തേജസ്വി യാദവ് വ്യക്തമാക്കി. പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരം എന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ബീഹാറിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് വിഡ്ഢികള്‍ എന്ന് ഉപ മുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയും പ്രതികരിച്ചു.
കോണ്‍ഗ്രസ് കേരളയുടെ പോസ്റ്റിനെ തള്ളി കോണ്‍ഗ്രസ് എം പി സയ്യിദ് നാസിര്‍ ഹുസൈനും രംഗത്ത് എത്തിയിരുന്നു. ബീഡിക്ക് ജിഎസ്ടി കുറച്ചത് ബീഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് വ്യാഖ്യാനിക്കാനാണ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് കേരള ഘടകം ശ്രമിച്ചതെങ്കിലും പോസ്റ്റ് പിന്നീട് കോണ്‍ഗ്രസിന് തന്നെ വിനയാവുകയായിരുന്നു.
വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതലയൊഴിയാൻ താൻ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ബിഹാർ -ബീഡി പോസ്‌റ്റുമായി ഇതിനും ബന്ധമില്ലെന്നും ബൽറാം പറഞ്ഞു. ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കാനുള്ള നിർദേശം നേരത്തേ നൽകിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.